ബന്ധുവായ പെൺകുട്ടിയുമായി പ്രണയത്തിലായ പതിനെട്ടുകാരനെ ബന്ധുക്കൾ ചേർന്ന് തീകൊളുത്തി
ബന്ധുവായ പെൺകുട്ടിയുമായി പ്രണയത്തിലായ പതിനെട്ടുകാരനെ ബന്ധുക്കൾ ചേർന്ന് തീകൊളുത്തി


ബാംഗ്ലൂർ :ബന്ധുവായ പെൺകുട്ടിയെ പ്രണയിച്ചതിന്റെ പേരിൽ പതിനെട്ടുകാരനെ ബന്ധുക്കൾ ചേർന്ന് തട്ടിക്കൊണ്ടുപോയി തീകൊളുത്തി. ബെംഗളുരുവിൽ കഴിഞ്ഞ ശനിയാഴ്ച്ചയായിരുന്നു സംഭവം. ബെംഗളുരുവിലെ എസിഎസ് കോളേജിലെ ഒന്നാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായ ശശാങ്ക് ആണ് ആക്രമണത്തിന് ഇരയായത്. വിക്ടോറിയ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ കഴിയുകയാണ് വിദ്യാർത്ഥി.

സംഭവത്തിൽ ശശാങ്കിന്റെ പിതാവ് രംഗനാഥ് പൊലീസിൽ പരാതി നൽകി. മൈസൂരിലുള്ള അകന്ന ബന്ധത്തിൽ പെട്ട പെൺകുട്ടിയുമായി മകൻ പ്രണയത്തിലായിരുന്നുവെന്നും ഇതിൽ ബന്ധുക്കൾക്കുള്ള വിയോജിപ്പാണ് ആക്രമണത്തിന് കാരണമെന്നുമാണ് രംഗനാഥ് ആരോപിക്കുന്നത്.

തട്ടിക്കൊണ്ടുപോയ ദിവസം രംഗനാഥാണ് മകനെ കോളേജിൽ വിട്ടത്. എന്നാൽ, ക്ലാസ് ഇല്ലാത്തതിനാൽ ശശാങ്ക് കോളേജിൽ നിന്നും വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് തട്ടിക്കൊണ്ടുപോയത്. ബസ് സ്റ്റോപ്പിലേക്ക് നടന്ന ശശാങ്കിനെ കാറിലെത്തിയ ഏഴംഗ സംഘം തട്ടിക്കൊണ്ടുപോകുകയായിരുന്നു. ശേഷം നഗരത്തിൽ നിന്നും മാറി കനിമിനിക് ടോൾ പ്ലാസയ്ക്ക് സമീപം ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് തീകൊളുത്തുകയായിരുന്നു.

Also Read- വര്‍ക്കലയില്‍ വീട്ടമ്മയെ ഭര്‍ത്താവിന്‍റെ ബന്ധുക്കള്‍ വെട്ടിക്കൊന്നു

ഇക്കഴിഞ്ഞ ജുലൈ മൂന്നിന് പെൺകുട്ടിയുമായി ശശാങ്ക് സ്വന്തം വീട്ടിലെത്തി. ഇതിനെ ഇരു കുടുംബങ്ങളും ശക്തമായി എതിർത്തു. ജുലൈ പത്തിന് പെൺകുട്ടിയുടെ മാതാപിതാക്കൾ ശശാങ്കിന്റെ വീട്ടിലെത്തി മകളെ ബലമായി തിരിച്ചുകൊണ്ടുപോയി.

Also Read- ചാലക്കുടിയിൽ ഭർത്താവിനെ കുത്തിക്കൊന്നത് ഭാര്യ; അസ്വാഭാവിക മരണം കൊലപാതകമെന്ന് തെളിയിച്ച് പൊലീസ്

ശശാങ്കിനെ ആക്രമിച്ചവരെല്ലാം ഇരു കുടുംബത്തിന്റേയും ബന്ധുക്കൾ തന്നെയാണെന്നാണ് സൂചന. ഇവരിൽ ഒരാൾ പെൺകുട്ടിയുടേയും ശശാങ്കിന്റേയും അമ്മാവനാണ്. “മകനെ തീകൊളുത്തിയതിനു ശേഷം സ്ഥലത്തിന്റെ ലൊക്കേഷൻ രംഗനാഥിന്റെ സഹോദരിയുടെ വാട്സ്ആപ്പിലേക്ക് അയക്കുകയും എത്രയും വേഗം എത്തിയാൽ ശശാങ്കിനെ രക്ഷിക്കാമെന്ന് മുന്നറിയിപ്പ് നൽകി”.

പെൺകുട്ടിയുമായി മകൻ ഒരു വർഷത്തിലായി പ്രണയത്തിലായിരുന്നുവെന്ന് രംഗനാഥ് പറയുന്നു. പ്രശ്നം രമ്യമായി പരിഹരിക്കാമെന്ന് ബന്ധുക്കളോട് താൻ പറഞ്ഞിരുന്നെങ്കിലും ശശാങ്കിനെ പെട്രോൾ ഒഴിച്ച് കത്തിക്കുമെന്ന് അമ്മാവൻ ഭീഷണിപ്പെടുത്തിയിരുന്നതായി രംഗനാഥ് പൊലീസിനോട് പറഞ്ഞു.

സംഭവത്തിൽ കർണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വർ പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. കുറ്റക്കാരെ എത്രയും വേഗം പിടികൂടുമെന്നും തക്കതായ ശിക്ഷ നൽകുമെന്നും മന്ത്രി ഉറപ്പ് നൽകി.