മലയാളത്തിന്‍റെ സർഗവസന്തം എം.ടി നവതിയുടെ നിറവിൽ
മലയാളത്തിന്‍റെ സർഗവസന്തം എം.ടി നവതിയുടെ നിറവിൽ

മലയാളികൾക്ക് കഥയുടെ സർഗ വസന്തം തീർത്ത ഇതിഹാസ എഴുത്തുകാരൻ എം.ടി വാസുദേവൻ നായർക്ക് ഇന്ന് 90-ാം പിറന്നാൾ. മലയാളി നിത്യേന കാണുകയും പരിചയപ്പെടുകയും സംസാരിക്കുകയും ചെയ്യുന്ന ഒരുപിടി മനുഷ്യർ എംടിയുടെ കഥാപാത്രങ്ങളായി വന്നു. അതുല്യമായ കഥകൾ സമ്മാനിച്ച എഴുത്താകരന് അവിസ്മരണീയമായ പിറന്നാൾ സമ്മാനമാണ് സാംസ്ക്കാരികകേരളം സമ്മാനിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും നടൻ മമ്മൂട്ടിയും ഉൾപ്പടെയുള്ള പ്രമുഖർ തുഞ്ചൻ പറമ്പിൽ നടന്ന നവതി ആഘോഷ പരിപാടികളിൽ പങ്കെടുത്ത് എം.ടിക്ക് ആശംസകൾ നേർന്നു.

എഴുത്തുകാരൻ എന്നതിൽ ഉപരി ഒരു ബഹുമുഖ പ്രതിഭയായാണ് എം.ടി വാസുദേവൻ നായർ മലയാളിക്ക് മുന്നിൽ വിസ്മയം തീർത്തത്. നോവലിസ്റ്റ്‌, തിരക്കഥാകൃത്ത്‌, ചലച്ചിത്രസംവിധായകൻ, സാഹിത്യകാരൻ, നാടകകൃത്ത് എന്നീ നിലകളിൽ എം.ടി വ്യക്തിമുദ്ര പതിപ്പിച്ചു. 1933 ജൂലൈ 15ന് പുന്നയൂർക്കുളത്തെ ടി.നാരായണൻ നായരുടെയും അമ്മാളുവമ്മയുടെയും മകനായിട്ടാണ് എം.ടി എന്ന മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ ജനിച്ചത്.

മലയാള സാഹിത്യത്തിലും മലയാള സിനിമയിലും എം.ടി നൽകിയ സംഭാവനകൾ അതുല്യവും അമൂല്യവുമാണ്. കൂടാതെ അധ്യാപകനായും പത്രാധിപരായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. എഴുത്തിലും സിനിമയിലും അദ്ദേഹം നൽകിയ സംഭാവനകൾ പരിഗണിച്ച് രാഷ്ട്രം പത്മഭൂഷൺ, ജ്ഞാനപീഠം എന്നിവയുൾപ്പെടെ തിളക്കമേറിയ നിരവധി പുരസ്ക്കാരങ്ങൾ നൽകി എം.ടിയെ ആദരിച്ചിട്ടുണ്ട്.

തൃശൂർ ജില്ലയിലെ പൂന്നയൂർക്കുളത്തും പാലക്കാട്ട് ജില്ലയിലെ കൂടല്ലൂരുമായിട്ടായിരുന്നു എം.ടിയുടെ ബാല്യകാലം. എംടിയുടെ അച്ഛൻ ജോലി സംബന്ധമായി ശ്രീലങ്കയിലായിരുന്നു(സിലോൺ). അവിടെ മറ്റൊരു ഭാര്യയും കുട്ടിയുമുണ്ടായിരുന്നു. സിലോണിൽ നിന്നും മടങ്ങി വരുന്ന അച്ഛൻ ഒരു പെൺകുട്ടിയെ കൊണ്ട് വരുന്ന കഥ നിന്റെ ഓർമ്മയ്ക്ക് എന്ന കൃതിയിൽ എംടി വരച്ചിട്ടിട്ടുണ്ട്.

കുമരനെല്ലൂർ ഹൈസ്‌ക്കൂളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ എം.ടി പാലക്കാട് വിക്ടോറിയ കോളേജിൽ ഉപരിപഠനം നടത്തി. ഐച്ഛിക വിഷയമായി എടുത്തത് രസതന്ത്രമായിരുന്നെങ്കിലും, പിൽക്കാലത്ത് എഴുത്തിന്‍റെ വഴികളിലേക്ക് തിരിയുകയായിരുന്നു എം.ടി. കോളേജ് വിദ്യാഭ്യാസത്തിന് ശേഷം ഒന്ന് രണ്ട് സ്ക്കൂളുകളിൽ അധ്യാപകനായി ജോലി ചെയ്തു. അതിനിട തളിപ്പറമ്പിൽ ഗ്രാമസേവകന്റെ ഉദ്യോഗം കിട്ടിയെങ്കിലും ദിവസങ്ങൾ മാത്രമാണ് ജോലി ചെയ്തത്. പിന്നീട് മാതൃഭൂമിയിലായിരുന്നു ഏറെക്കാലവും എംടി ജോലി ചെയ്തത്.

സ്കൂൾപഠനകാലം മുതൽക്കേ എം.ടി എഴുതിത്തുടങ്ങി. കോളേജ് കാലത്ത് തന്നെ ജയകേരളം മാസികയിൽ കഥകൾ അച്ചടിച്ച് വന്നിരുന്നു. വിക്റ്റോറിയ കോളേജിൽ ബിരുദത്തിനു പഠിക്കുമ്പോൾ ‘രക്തം പുരണ്ട മൺതരികൾ’ എന്ന ആദ്യ കഥാസമാഹാരം പുറത്തിറങ്ങി. 1954-ൽ ന്യൂയോർക്ക് ഹെറാൾഡ് ട്രിബ്യൂൺ സംഘടിപ്പിച്ച ലോകചെറുകഥാമത്സരത്തിന്റെ ഭാഗമായി കേരളത്തിൽ മാതൃഭൂമി നടത്തിയ കഥാമത്സരത്തിൽ എം.ടി.യുടെ ‘വളർത്തുമൃഗങ്ങൾ’ എന്ന കഥ ഒന്നാം സ്ഥാനം നേടി. ‘

‘പാതിരാവും പകൽ‌വെളിച്ചവും’ എന്ന ആദ്യനോവൽ ഈ സമയത്താണു ഖണ്ഡശഃ പുറത്തുവന്നത്. ആദ്യമായി പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ച നോവൽ ‘നാലുകെട്ട്’ആണ് (1958). ആദ്യനോവലിനു തന്നെ കേരളാ സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചു. പിൽക്കാലത്ത് ‘സ്വർഗ്ഗം തുറക്കുന്ന സമയം’, ‘ഗോപുരനടയിൽ’ എന്നീ കൃതികൾക്കും കേരള സാഹിത്യ അക്കാദമി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.

1963ൽ സ്വന്തം കഥയായ ‘മുറപ്പെണ്ണ്’ തിരക്കഥയെഴുതി എം.ടി സിനിമയിലേക്കും ചുവടുവെച്ചു. 1973-ൽ ആദ്യമായി സംവിധാനം ചെയ്ത് നിർമ്മിച്ച ‘നിർമാല്യം’ എന്ന ചിത്രത്തിന് രാഷ്ട്രപതിയുടെ സ്വർണ്ണപ്പതക്കം ലഭിച്ചു. അമ്പതിലേറെ തിരക്കഥകളെഴുതിയിട്ടുള്ള എംടിക്ക് സിനിമയിൽ ലഭിച്ചത് നാല് ദേശീയ പുരസ്ക്കാരങ്ങളാണ്. കടവ്‌, ഒരു വടക്കൻ വീരഗാഥ, സദയം, പരിണയം തുടങ്ങിയ ചിത്രങ്ങൾക്കും ദേശീയപുരസ്കാരം ലഭിച്ചു.

അദ്ദേഹത്തിന്‍റെ കൃതികളായ ‘കാലം’(1970-കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്), ‘രണ്ടാമൂഴം’ (1985-വയലാർ അവാർഡ്)[9], വാനപ്രസ്ഥം (ഓടക്കുഴൽ അവാർഡ്) എന്നിവയ്ക്കും സുപ്രധാന പുരസ്ക്കാരങ്ങൾ ലഭിച്ചു.