ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്തമഴ തുടരുന്നു ; മണ്ണിടിച്ചിലും വെള്ളപ്പൊക്കവും, നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു, കോടികളുടെ നഷ്ടം


ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്തമഴ തുടരുന്നു ; മണ്ണിടിച്ചിലും വെള്ളപ്പൊക്കവും, നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു, കോടികളുടെ നഷ്ടം


ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ പ്രളയത്തില്‍ മുക്കി കനത്തമഴ തുടരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി ഉടനീളം കനത്ത നാശനഷ്ടം ഉണ്ടാക്കിയ മഴയില്‍ ഇതുവരെ 37 പേര്‍ക്ക് ജീവന്‍ നഷ്ടമായതായിട്ടാണ് ദേശീയമാധ്യമങ്ങള്‍ പുറത്തുവിടുന്ന റിപ്പോര്‍ട്ട്.

ഡല്‍ഹിയില്‍ യമുനാനദിയിലെ ജലനിരപ്പ് അപായരേഖ കടന്നു 205.33 മീറ്ററായി ഉയര്‍ന്നു. ഹരിയാനയിലെ ഹത്‌നികുണ്ഡ് ഡാം കൂടി തുറന്നുവിടുന്നതോടെ ജലനിരപ്പ് 206 ആയി ഉയരുമെന്നാണ് കരുതുന്നത്. യെമുനയിലെ ഉയര്‍ന്ന നിരപ്പ് 207.49 ആണ്. ഇതോടെ വെള്ളപ്പൊക്ക ഭീഷണിയില്‍ തീരത്തെ താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും ആള്‍ക്കാരെ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

ഡല്‍ഹി സര്‍ക്കാര്‍ 16 കണ്‍ട്രോള്‍ റൂമുകളാണ് തുറന്നിരിക്കുന്നത്. കനത്ത പ്രതിസന്ധി നേരിടുന്ന ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, ഉത്തരാഖണ്ഡ്, ഹരിയാന, ഡല്‍ഹി, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ കനത്തമഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രചരണം. മഴ നാശം വിതച്ച സ്ഥലങ്ങളില്‍ സൈന്യവും ദേശീയ ദുരന്തനിവാരണ ദ്രുതകര്‍മ്മസേനയും രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. പലയിടത്തും നദികള്‍ കരകവിഞ്ഞൊഴുകി നഗരത്തിലെ വീടുകളും വാഹനങ്ങളുമെല്ലാം വെള്ളത്തിലായി. വാഹനങ്ങള്‍ ഒഴുക്കില്‍പ്പെട്ട് കനത്ത നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഹിമാചല്‍ പ്രദേശിലാണ് മഴക്കെടുതി രൂക്ഷമായി പ്രതിഫലിച്ചത്. മണ്ണിടിച്ചിലും വെള്ളപ്പൊക്കവും വീടുകളും വസ്തുവകകളും ഉണ്ടാക്കുകയൂം കോടിക്കണക്കിന് രൂപയുടെ നഷ്ടവുമാണ് വരുത്തി വെച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഹിമാചല്‍ മുഖ്യമന്ത്രിയുമായി സംസാരിക്കുകയും സഹായവും പിന്തുണയും വാഗ്ദാനം ചെയ്യുകയുമുണ്ടായി.

ഉത്തരാഖണ്ഡിലെ റോഡുകളും ഹൈവേകളുമെല്ലാം മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗത തടസ്സം നേരിട്ട സ്ഥിതിയിലാണ്. പലയിടത്തും നദികളിലെ ജലനിരപ്പ് അപകട നിലയ്ക്ക് മുകളിലേക്ക് ഉയര്‍ന്നിട്ടുണ്ട്. രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലെല്ലാം കനത്ത മഴയാണ്. താഴ്ന്നുകിടക്കുന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. രാജസ്ഥാനില്‍ വലിയരീതിയില്‍ തന്നെ മഴ ജനജീവിതത്തെ ബാധിച്ചു. റോഡുകളും റെയില്‍ ട്രാക്കുകളും ആശുപത്രികളിലും വരെ വെള്ളം കയറിയ നിലയിലാണ്.