ഉംറക്ക് ശേഷം മടങ്ങിയ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; എട്ട് പേർക്ക് പരിക്ക്


ഉംറക്ക് ശേഷം മടങ്ങിയ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; എട്ട് പേർക്ക് പരിക്ക്


റിയാദ്: ഉംറ കഴിഞ്ഞ് മടങ്ങിയ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം മറിഞ്ഞ് എട്ട് പേർക്ക് പരിക്ക്. റിയാദില്‍ ശനിയാഴ്ച്ച വൈകിട്ടാണ് സംഭവം. 200 കിലോമീറ്റർ അകലെ ഹുത്ത ബനീ തമീമിലെ താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്ന മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി കോർമത്ത് വീട്ടിൽ ലത്തീഫിെൻറയും മുഹമ്മദ്‌ ഷാഫിയുടെയും സന്ദർശന വിസയിൽ വന്ന കുടുംബങ്ങൾ സഞ്ചരിച്ച വാനാണ് അപകടത്തിൽ പെട്ടത്.

വൈകീട്ട് ഏഴോടെ റിയാദിൽനിന്ന് ഹുത്ത ബനീ തമീമിലേക്കുള്ള റൂട്ടിൽ അൽ ഹൈറിലെത്തിയപ്പോൾ വാഹനം റോഡിലെ ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. കുടുംബാംഗങ്ങളായ ഏഴുപേർക്കും ഡ്രൈവർക്കുമാണ് പരിക്കേറ്റത്. ലത്തീഫിനെ റിയാദിലെ ശുമൈസി ആശുപത്രിയിലും ഭാര്യ റംലത്തിനെ അലി ബിൻ അലി ആശുപത്രിയിലും പ്രവേശിപ്പിച്ചു. മുഹമ്മദ്‌ ഷാഫിയെയും കുടുംബത്തിനെയും ലത്തീഫിെൻറ മക്കളെയും നിസാര പരിക്കുകളോടെ അൽ ഈമാൻ ആശുപത്രിയിൽ പ്രേവശിപ്പിച്ച് പ്രാഥമിക ശുശ്രൂഷക്ക് ശേഷം വിട്ടയച്ചു.

ബത്ഹയിലെ ഉംറ ഏജൻസിയുടെ ബസില്‍ മക്കയിലും മദീനയിലും തീർഥാടനത്തിന് പോയി റിയാദില്‍ തിരിച്ചെത്തിയ ശേഷമാണ് പിക്കപ്പ് വാനിൽ ഹുത്ത ബനീ തമീമിലെ താമസസ്ഥലത്തേക്ക് തിരിച്ചത്. അപകടത്തിൽപെട്ടവരെ സഹായിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ. ആക്റ്റിങ് ചെയർമാൻ റിയാസ് തിരൂർക്കാട്, ട്രഷറർ റഫീഖ് ചെറുമുക്ക്, ഹനീഫ മുതുവല്ലൂർ, ബാദുഷ തങ്ങൾ, ഹുത്ത കെ.എം.സി.സി പ്രവർത്തകൻ റിയാസ് വള്ളക്കടവ്, ഫൈസൽ ചെമ്പ്ര എന്നിവർ രംഗത്തുണ്ടായിരുന്നു.