കുതിരപ്പുഴയിൽ ഒഴുക്കിൽപ്പെട്ട മുത്തശ്ശിയുടെയും പേരക്കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തി

കുതിരപ്പുഴയിൽ ഒഴുക്കിൽപ്പെട്ട മുത്തശ്ശിയുടെയും പേരക്കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തി


മലപ്പുറം: അമരമ്പലം പഞ്ചായത്തിലെ കുതിരപ്പുഴയിൽ ഒഴുക്കിപ്പെട്ട മുത്തശ്ശിയുടെയും പേരക്കുട്ടിയുടെയും മൃതദ്ദേഹങ്ങൾ കണ്ടെത്തി. അമരമ്പലം സൗത്ത് കുന്നുംപുറത്ത് വീട്ടിൽ സുശീല(55), പേരമകൾ അനുശ്രീ(12)യുടെയും മൃതദേഹങ്ങളാണ് ഇന്ന് ഉച്ചയോടെ കണ്ടെത്തിയത്. ഇവർ പുഴയിൽ ചാടി എന്ന് പറയപ്പെടുന്ന സ്ഥലത്ത് നിന്നും രണ്ടര കിലോമീറ്റർ താഴെ മരത്തിൽ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദ്ദേഹങ്ങൾ. 

ഉച്ചക്ക് 12.30 ഓടെ ആദ്യം സുശീലയുടെ മൃതദ്ദേഹമാണ് ലഭിച്ചത്. തുടർന്ന് 2.30ഓടെ അനുശ്രീയുടെ മൃതദേഹവും കണ്ടെത്തി. കഴിഞ്ഞ ബുധനാഴ്ച പുലർച്ചെ മൂന്നോടെയാണ് അഞ്ചംഗ കുടുംബം പുഴയിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചത്. അമരമ്പലം സൗത്ത് കുന്നുംപുറത്ത് വീട്ടിൽ സുശീല (55), മകൾ കെ.സന്ധ്യ (32), സന്ധ്യയുടെ മക്കളായ കെ.വി.അനുശ്രീ (12), കെ.വി.അനുഷ (12), കെ.വി.അരുൺ (10)എന്നിവരാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇവരിൽ സുശീലയും പേരമകൾ അനുശ്രീ എന്നിവരെ ഒഴുക്കിപ്പെട്ട് കാണാതാവുകയായിരുന്നു. 

പുഴയിൽ ചാടിയ ഉടനെ അനുഷയും അരുണും രക്ഷപ്പെട്ട് ഇവരുടെ വാടകവീടിനു സമീപം താമസിക്കുന്നവരെ വിവിരമറിയിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. തുടർന്ന് നാട്ടുകാർ തെരച്ചിൽ നടത്തിയതോടെ സന്ധ്യയെ മൂന്ന് കിലോമീറ്റുകൾക്കപ്പുറം കണ്ടെത്തുകയായിരുന്നു. സാമ്പത്തിക പ്രയാസം മൂലം കുടുംബം കൂട്ട ആത്മഹത്യക്ക് മുതിരുകയായിരുന്നുവെന്നാണ് വിവരം. നാല് ദിവസത്തെ തെരച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾ നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.