കേന്ദ്രം വിളിച്ച യോഗത്തിൽ കെഎസ്ഇബി പുറത്ത്

കേന്ദ്രം വിളിച്ച യോഗത്തിൽ കെഎസ്ഇബി പുറത്ത്

തിരുവനന്തപുരം ∙ വൈദ്യുതി വിതരണ ശൃംഖല നവീകരിക്കുന്നതു സംബന്ധിച്ചു കേന്ദ്ര സർക്കാർ വിളിച്ചു ചേർത്ത അവലോകന യോഗത്തിൽ പങ്കെടുക്കാൻ ഡൽഹിയിൽ എത്തിയ വൈദ്യുതി ബോർഡ് പ്രതിനിധികൾക്കു യോഗത്തിൽ പ്രവേശനം അനുവദിച്ചില്ല. കേരളത്തിന്റെയും ആന്ധ്രയുടെയും പദ്ധതികൾ അജൻഡയിൽ ഇല്ലെന്നും അതിനാൽ ചർച്ചയിൽ പങ്കെടുക്കേണ്ട എന്നുമാണു കേന്ദ്ര അധികൃതർ അറിയിച്ചത്.
സ്മാർട് മീറ്റർ സ്ഥാപിക്കാത്ത സംസ്ഥാനങ്ങളെ വൈദ്യുതി വിതരണ ശൃംഖല നവീകരിക്കുന്ന പദ്ധതിയിൽനിന്നു പുറത്താക്കുമെന്നു കേന്ദ്രം നേരത്തേ മുന്നറിയിപ്പു നൽകിയിരുന്നു. സ്മാർട് മീറ്റർ സ്ഥാപിക്കാത്തതു കൊണ്ടാണോ യോഗത്തി‍ൽ പ്രവേശിപ്പിക്കാത്തത് എന്ന കാര്യത്തിൽ വ്യക്തതയില്ല.യോഗത്തിൽ പങ്കെടുക്കുന്നതിന് വൈദ്യുതി ബോർഡിലെ ചീഫ് എൻജിനീയറും എക്സിക്യൂട്ടീവ് എൻജിനീയറുമാണ് വ്യാഴാഴ്ച ഡൽഹിയിൽ എത്തിയത്. ബോർഡ് ചെയർമാൻ ഓൺലൈൻ ആയും പങ്കെടുക്കാൻ തീരുമാനിച്ചിരുന്നു. യോഗത്തിന്റെ അറിയിപ്പ് ലഭിച്ചതനുസരിച്ച് എത്തിയവരോടാണ് കേരളത്തിന്റെ കാര്യം ചർച്ച ചെയ്യുന്നില്ലെന്ന് അധികൃതർ വ്യക്തമാക്കിയത്.

വൈദ്യുതി വിതരണ ശൃംഖല നവീകരിക്കുന്നതിനു സംസ്ഥാന സർക്കാർ കേന്ദ്രത്തിനു സമർപ്പിച്ച എസ്റ്റിമേറ്റ് തുക 2018 ലെ വിലയുടെ അടിസ്ഥാനത്തിലായിരുന്നു. ഇപ്പോഴത്തെ വിലയ്ക്ക് അനുസരിച്ച് അതു പുതുക്കുമ്പോൾ 420 കോടി രൂപ കൂടി കേരളത്തിന് അധികം ലഭിക്കണം. ഇതു ലഭിക്കുമെന്നു പ്രതീക്ഷിച്ച് എത്തിയവർക്കു യോഗത്തിൽ പോലും പങ്കെടുക്കാൻ സാധിച്ചില്ല. വൈദ്യുതി സ്മാർട് മീറ്റർ പദ്ധതിയുടെ ആദ്യ ഘട്ടം നടപ്പാക്കുന്നതിനു 3 മാസം കൂടി സാവകാശം നൽകണമെന്ന് അഭ്യർഥിച്ചു സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം കേന്ദ്രത്തിനു കത്തയച്ചിരുന്നു.