സപ്ലൈകോയിലും വിലവർധന; അവശ്യസാധനങ്ങൾക്ക് ക്ഷാമം
ഈമാസം സ്റ്റോക്ക് എത്താത്തതാണ് പ്രശ്നം. സബ്സിഡി നിരക്കിൽ വിൽക്കേണ്ട സാധനങ്ങളുടെ സ്റ്റോക്ക് ഉറപ്പാക്കിയശേഷമാണ് പൊതുവിൽപനയെന്നതിനാൽ സ്റ്റോക്ക് കുറവ് മൂലം സംഭവിക്കുന്ന ക്ഷാമമാണ് ഉപഭോക്താക്കളെയും ബാധിക്കുന്നത്. സാധനങ്ങൾക്ക് ഒന്നരയാഴ്ച മുമ്പുള്ളതിനെക്കാൾ വർധിച്ച വിലയാണ് സപ്ലൈകോയിൽ ഇപ്പോൾ. വിലക്കൂടുതലെന്ന ആരോപണം മറികടക്കാൻ സബ്സിഡി ഇനങ്ങളുടെ വില സ്റ്റെഡിയായി നിർത്തിയാണ് വിലവർധന നടപ്പാക്കിയിരിക്കുന്നത്.
വിവിധ ഇനം അരിക്ക് കിലോഗ്രാമിന് നാലരരൂപ വരെയാണ് വർധിച്ചത്. ഏറെ ആവശ്യക്കാരുള്ള മട്ട അരിക്ക് (വടി) പുതിയ വില 49.50 രൂപയാണ്. 45 രൂപയായിരുന്നു ഇതുവരെ. പച്ചരി 4.50 രൂപ വർധിച്ച് 37.50 രൂപയിലെത്തി. ജയ അരിക്ക് 2.50 രൂപയും ജയ പ്രീമിയം, ബിരിയാണി അരികൾക്ക് മൂന്ന് രൂപ വീതവും കൂടി.
സുരേഖ, പൊന്നി ഇനങ്ങൾക്ക് വില വർധിച്ചിട്ടില്ല. മട്ടക്ക് (ഉണ്ട) 44 രൂപയാണ്. വറ്റൽ മുളക് പ്രീമിയം ഗ്രേഡിന് 369 രൂപയാണ്. കിലോഗ്രാമിന് 29 രൂപയാണ് വർധിച്ചത്. ജീരകം വില കുത്തനെ ഉയർന്ന് 689 രൂപയായി. 90 രൂപയാണ് വർധിച്ചത്. 280 ആയിരുന്ന പെരുഞ്ചീരകത്തിന് 314 ആണിപ്പോൾ വില.
ചെറുപയറിന് ഏഴ് രൂപയും കടലക്ക് 10 രൂപയും കൂടി. വൻപയർ, തുവര പരിപ്പ്, ഉലുവ വില നാല് രൂപവരെയാണ് വർധിച്ചത്. നിത്യോപയോഗ സാധനങ്ങളിൽ വില കുറഞ്ഞത് കടുകിന് മാത്രം. പഞ്ചസാര, വൻപയർ, പീസ് പരിപ്പ്, മല്ലി എന്നിവയുടെ വിലയിൽ കാര്യമായ മാറ്റമില്ല.
സബ്സിഡി ഇനങ്ങളിൽതന്നെ പലതും കിട്ടാത്ത സ്ഥിതിയുമുണ്ട്. ഇവയിൽ ചെറുപയറും വെളിച്ചെണ്ണയും പഞ്ചസാരയും കിട്ടാനാണ് ബുദ്ധിമുട്ട്. സബ്സിഡി വെളിച്ചെണ്ണ കിട്ടണമെങ്കിൽ സബ്സിഡി നിരക്കിലല്ലാത്ത വെളിച്ചെണ്ണകൂടി വാങ്ങണമെന്ന നിബന്ധനയുമുണ്ട്