ഗോ ഫസ്റ്റിന് പറക്കാം; അനുമതി നല്‍കി ഡിജിസിഎ കണ്ണൂർ വിമാനത്താവളത്തിന് ആശ്വാസമാകും

ഗോ ഫസ്റ്റിന് പറക്കാം; അനുമതി നല്‍കി ഡിജിസിഎ
കണ്ണൂർ വിമാനതാവളത്തിന് ആശ്വാസമാകും


ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബജറ്റ് എയര്‍ലൈന്‍ കമ്പനിയായ ഗോ ഫസ്റ്റിന് വീണ്ടും പറക്കാന്‍ ഉപാധികളോടെ ഡിജിസിഎ അനുമതി നല്‍കി. 15 വിമാനങ്ങളും 114 പ്രതിദിന ഫ്‌ലൈറ്റുകളുമായി സര്‍വീസ് പുനരാരംഭിക്കാനുള്ള ഗോ ഫസ്റ്റിന്റെ പദ്ധതിക്ക് അംഗീകാരം നല്‍കിയതായി ഡിജിസിഎ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
 
ഡല്‍ഹി ഹൈക്കോടതിയുടെയും എന്‍സിഎല്‍ടിയുടെ ഡല്‍ഹി ബെഞ്ചിന്റെയും പരിഗണനയിലുള്ള റിട്ട് ഹര്‍ജികള്‍ / അപേക്ഷകള്‍ എന്നിവയിന്മേലുള്ള തീരുമാനത്തെ ആശ്രയിച്ചായിരിക്കും ഈ അംഗീകാരമെന്നും ഡിജിസിഎ വ്യക്തമാക്കി. ഷെഡ്യൂള്‍ ചെയ്ത ഫ്‌ലൈറ്റുകള്‍ക്കായുള്ള ഇടക്കാല ധനസഹായത്തിന്റെ ലഭ്യതയും ഫ്‌ലൈറ്റുകളുടെ അനുമതിയും അനുസരിച്ച് സേവനങ്ങള്‍ ആരംഭിക്കാന്‍ സാധിക്കുമെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

എല്ലാ റെഗുലേറ്ററി മാനദണ്ഡങ്ങളും പാലിക്കണമെന്നും വിമാനത്തിന്റെ വായുക്ഷമത ഉറപ്പാക്കണമെന്നും ഡിജിസിഎ നിര്‍ദേശിച്ചു. ജൂണ്‍ 28നാണ് സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനുള്ള പദ്ധതി കമ്പനി ഡിജിസിഎയ്ക്ക് സമര്‍പ്പിച്ചത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന്  മെയ് 3നാണ് ഗോ ഫസ്റ്റ് എയര്‍ലൈന്‍സ് സര്‍വീസുകള്‍ അവസാനിപ്പിച്ചത്. തുടര്‍ന്ന് നടന്ന പാപ്പരത്ത പരിഹാര പ്രക്രിയയ്ക്ക് ശേഷമാണ് ഗോ ഫസ്റ്റ് വിമാന സര്‍വീസുകള്‍  പുനരാരംഭിക്കുന്നത്.