'കേരളത്തിലെ റോഡുകളിലെ മാറ്റം അത്ഭുതപ്പെടുത്തി'; പുകഴ്ത്തി കുവൈത്തിയായ ഷെയ്ഖ്, കുറിപ്പ് പങ്കുവെച്ച് എം വിജിൻ എംഎൽഎ
'കേരളത്തിലെ റോഡുകളിലെ മാറ്റം അത്ഭുതപ്പെടുത്തി'; പുകഴ്ത്തി കുവൈത്തിയായ ഷെയ്ഖ്, കുറിപ്പ് പങ്കുവെച്ച് എം വിജിൻ എംഎൽഎ

കണ്ണൂർ: കുവൈത്തിൽ നിന്ന് എത്തിയ ഷെയ്ഖ് അദൽ അലോ ടൈബി കേരളത്തിന് വന്ന മാറ്റങ്ങളെ പുകഴ്ത്തിയത് ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ച് എം വിജിൻ എംഎൽഎ. പഴയങ്ങാടിയിലെ ഒരു ലാബ് ഉദ്ഘാടനത്തിനാണ്  ഷെയ്ഖ് അദൽ അലോ ടൈബി എത്തിയത്. പത്ത് വർഷം മുമ്പ് കേരളത്തിൽ വന്നു പോയ അദ്ദേഹത്തെ റോഡുകളിലുണ്ടായ മാറ്റം അത്ഭുതപ്പെടുത്തിയെന്ന് എം വിജിൻ കുറിച്ചു.

മെച്ചപ്പെട്ട റോഡുകൾ - അവിശ്വസനീയമായ മാറ്റത്തിന് നേതൃത്വം നൽകിയ സംസ്ഥാന സർക്കാരിനെ അദ്ദേഹം അഭിനന്ദിച്ചു. അടുത്ത വർഷം വീണ്ടും വരുമെന്നും അപ്പോഴേക്കും വികസന രംഗത്ത് കുതിച്ചു ചാട്ടം തന്നെ ഉണ്ടാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചുവെന്നും എം വിജിൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

അതേസമയം, കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ രണ്ടാമത് അധികാരമേറ്റതിന് ശേഷം 62 പാലങ്ങളുടെ നിർമ്മാണം പൂർത്തീകരിച്ചെന്ന് പൊതുമരമാത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഒമ്പത് പാലങ്ങളുടെ പ്രവൃത്തി അന്തിമഘട്ടത്തിലാണെന്നും മൂന്നാം വാർഷികമാകുമ്പോഴേക്കും 30 പാലങ്ങളുടെ പ്രവൃത്തി കൂടി പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.

ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ കല്ലൂർ, പുറവൂർ, മുതുവണ്ണാച്ച പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന കല്ലൂർ ചെറുപുഴക്ക് കുറുകെ നിർമ്മിച്ച പാറക്കടവത്ത് പാലത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് വിവിധയിടങ്ങളിലായി 109 പാലങ്ങളുടെ പ്രവൃത്തി നടന്നു കൊണ്ടിരിക്കുകയാണ്. പേരാമ്പ്ര മണ്ഡലത്തിൽ 33.34 കോടി രൂപുടെ പാലം പ്രവൃത്തികളാണ് പുരോ​ഗമിക്കുന്നത്. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടെണ്ണം കൂടി മണ്ഡലവുമായി ബന്ധപ്പെട്ട് തുടങ്ങാനുണ്ട്.

കീഴരിയൂർ പഞ്ചായത്തിനെയും കൊയിലാണ്ടി മുനിസിപാലിറ്റിയെയും ബന്ധിപ്പിക്കുന്ന നടേരിക്കടവ് പാലം പ്രവൃത്തി ടെണ്ടർ നടപടിയിലാണെന്നും അകലാപ്പുഴ പാലത്തിന്റെ സ്ഥലം ഏറ്റെടുക്കൽ നടപടികൾ പുരോ​ഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ പഞ്ചാത്തല മേഖലയിലെ വികസന കുതിപ്പിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് പാലം മേഖലയിലെ വിപ്ലവം. സമയ ബന്ധിതമായി പാലങ്ങൾ തുറന്നുകൊടുക്കാൻ സാധിക്കുന്നത് ഏറെ സന്തോഷം നൽകുന്നതാണെന്നും മന്ത്രി പറഞ്ഞു.