ക്ഷേത്രത്തിന്റെ രൂപമെന്ന് പരാതി; പിന്നാലെ മുസ്ലീം പള്ളി അടച്ചുപൂട്ടാന്‍ ഉത്തരവിട്ട് കളക്ടര്‍; നിയമപോരാട്ടത്തിന് മസ്ജിദ് ട്രസ്റ്റ്
മുസ്ലീം പള്ളിയ്ക്ക് ക്ഷേത്രത്തിന്റെ രൂപമെന്ന പരാതിയ്ക്ക് പിന്നാലെ മഹാരാഷ്ട്രയിലെ പുരാതന മുസ്ലീം പള്ളി അടച്ചതില്‍ ഹര്‍ജിയുമായി ജുമ മസ്ജിദ് ട്രസ്റ്റ് കമ്മിറ്റി. മഹാരാഷ്ട്രയിലെ ജല്‍ഗാവ് ജില്ലയിലെ പുരാതന മുസ്ലീം പള്ളിയാണ് ജില്ലാ കളക്ടറുടെ ഉത്തരവിനെത്തുടര്‍ന്ന് അടച്ചിരുന്നത്. ഇതിനെതിരെയാണ് ജുമ മസ്ജിദ് ട്രസ്റ്റ് ബോംബെ ഹൈക്കോടതിയുടെ ഔറംഗബാദ് ബെഞ്ചില്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജി കോടതി ഈ മാസം 18ന് പരിഗണിക്കും. (Maharashtra mosque trust moves Bombay High Court collector order)
പള്ളിയുടെ നിര്‍മിതിയ്ക്ക് ക്ഷേത്രത്തോട് സാമ്യമുണ്ടെന്ന പരാതിയെത്തുടര്‍ന്ന് ഈ മാസം 11നാണ് ജില്ലാ കളക്ടര്‍ പള്ളി അടച്ചുപൂട്ടി ആരാധന നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയത്. ക്രിമിനല്‍ നടപടി ചട്ടത്തിലെ 144,145 വകുപ്പുകള്‍ പ്രകാരമായിരുന്നു ഉത്തരവ്. പള്ളിയുടെ താക്കോല്‍ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ഓഫ് ചീഫ് ഓഫിസര്‍ക്ക് കൈമാറുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് പള്ളി ട്രസ്റ്റ് നിയമപോരാട്ടത്തിന് ഒരുങ്ങുന്നത്.
ജുമാ മസ്ജിദ് ട്രസ്റ്റ് കമ്മിറ്റി പ്രസിഡന്റ് അല്‍താഫ് ഖാന്‍ മുഖേനെയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. പതിറ്റാണ്ടുകളായി വിശ്വാസികള്‍ പള്ളിയില്‍ ആരാധന നടത്തിവരികയാണെന്നും മഹാരാഷ്ട്രയിലെ സംരക്ഷിത സ്മാരകങ്ങളുടെ പട്ടികയില്‍ പള്ളിയെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നുമാണ് ഹര്‍ജിയിലൂടെ ട്രസ്റ്റ് വാദിക്കുന്നത്. പള്ളിയെക്കുറിച്ച് പുരാവസ്തു വകുപ്പിനോ സംസ്ഥാന സര്‍ക്കാരിനോ ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും ഹര്‍ജിക്കാര്‍ വാദിക്കുന്നു.