വാഴ്സിറ്റികളിലും കോളജുകളിലും പഞ്ചിങ്; ഭാവിയിൽ സ്കൂളുകളിലുംവാഴ്സിറ്റികളിലും കോളജുകളിലും പഞ്ചിങ്; ഭാവിയിൽ സ്കൂളുകളിലും

സംസ്ഥാനത്തെ സർവകലാശാലകളിലും കോളജുകളിലും അധ്യാപകർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് പഞ്ചിങ് ഏർപ്പെടുത്താൻ സർക്കാർ നയ തീരുമാനമെടുത്തെങ്കിലും ഇത് എന്നു മുതൽ നടപ്പാക്കണമെന്നതിൽ തീരുമാനമായില്ല. ഭൂരിപക്ഷം സർവകലാശാലകളിലും കോളജുകളിലും പഞ്ചിങ് ഉപകരണങ്ങൾ വാങ്ങാനുള്ള നടപടി പോലും തുടങ്ങിയിട്ടില്ല. കേരള സർവകലാശാലയിൽ ഉപകരണങ്ങൾ സ്ഥാപിക്കുന്നതിനായി കെൽട്രോണുമായി ചർച്ച നടക്കുകയാണ്. മറ്റു പല സർവകലാശാലകളുടെയും സ്ഥിതി ഇതു തന്നെയാണ്.

ചില ഗവ.ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ പഞ്ചിങ്ങിനുള്ള ഉപകരണങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. എയ്ഡഡ് കോളജുകളിൽ ഉൾപ്പെടെ ഇത് എന്നു നടപ്പാക്കണം എന്ന് ഇനി തീരുമാനിക്കണം. സർക്കാർ ശമ്പളം നൽകുന്ന എല്ലാ സ്ഥാപനങ്ങളിലും ഘട്ടം ഘട്ടമായി പഞ്ചിങ് നടപ്പാക്കാനാണ് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ തീരുമാനം. മുൻ ചീഫ് സെക്രട്ടറി വി.പി.ജോയിയുടെ കാലത്തു തന്നെ ഇക്കാര്യത്തിൽ തീരുമാനമെടുത്തിരുന്നു. ഇതനുസരിച്ച് ഭാവിയിൽ സ്കൂളുകൾ ഉൾപ്പെടെ എല്ലായിടത്തും പഞ്ചിങ് നിലവിൽ വരും.