പ്രൊഫ. ടിജെ ജോസഫിന്റെ കൈപ്പത്തി വെട്ടിയ കേസ്: പ്രതികളുടെ ശിക്ഷാ വിധി ഇന്ന്പ്രൊഫ. ടിജെ ജോസഫിന്റെ കൈപ്പത്തി വെട്ടിയ കേസ്: പ്രതികളുടെ ശിക്ഷാ വിധി ഇന്ന്


കൊച്ചി: തൊടുപുഴ ന്യൂമാൻ കോളജ് അധ്യാപകൻ പ്രൊഫ. ടിജെ ജോസഫിന്റെ കൈപ്പത്തി വെട്ടിയ കേസിലെ രണ്ടാം ഘട്ട വിധിയില്‍ ശിക്ഷ ഇന്ന്. കൊച്ചിയിലെ എൻഐഎ കോടതി വൈകീട്ട് മൂന്ന് മണിക്ക് കേസില്‍ വിധി പ്രഖ്യാപിക്കും. കേസിൽ ആറ്‌ പ്രതികൾ കുറ്റക്കാരെന്ന്‌ എൻഐഎ കോടതി കണ്ടെത്തിയിരുന്നു.

രണ്ടാം പ്രതി മൂവാറ്റുപുഴ രണ്ടാർക്കര തോട്ടത്തിക്കുടി വീട്ടിൽ സജിൽ (36), മൂന്നാം പ്രതി ആലുവ കുഞ്ഞുണ്ണിക്കര മരക്കാട്ടു വീട്ടിൽ എംകെ നാസർ (48), അഞ്ചാം പ്രതി ആലുവ കടുങ്ങല്ലൂർ ഉളിയന്നൂർ കരിമ്പേരപ്പടി വീട്ടിൽ കെഎ നജീബ്‌ (42), ഒമ്പതാം പ്രതി ആലുവ കടുങ്ങല്ലൂർ കുഞ്ഞുണ്ണിക്കര മണ്ണാർക്കാട്‌ വീട്ടിൽ എംകെ നൗഷാദ്‌ (48), പതിനൊന്നാം പ്രതി ആലുവ കടുങ്ങല്ലൂർ കുഞ്ഞുണ്ണിക്കര പുളിയത്ത്‌ വീട്ടിൽ പിപി മൊയ്‌തീൻകുഞ്ഞ്‌ (60), പന്ത്രണ്ടാം പ്രതി ആലുവ വെസ്‌റ്റ്‌ തായിക്കാട്ടുകര പണിക്കരു വീട്ടിൽ പിഎം ആയൂബ്‌ (48) എന്നിവരെയാണ്‌ കുറ്റക്കാരെന്ന്‌ കണ്ടെത്തിയത്‌.

പത്ത് വർഷം മുതൽ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പേരിൽ മൂന്ന് പേർക്കെതിരെ ചുമത്തിയിട്ടുള്ളത്.

ക‍ഴിഞ്ഞ ദിവസമാണ് രണ്ടാം ഘട്ട വിധി പ്രസ്താവിച്ചത്. വിചാരണ നേരിട്ട പതിനൊന്നു പ്രതികളിൽ ആറ് പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. നാല് പ്രതികളെ വെറുതെ വിട്ടു. മൂന്നാം പ്രതിയും പോപ്പുലർ ഫ്രണ്ട് നേതാവുമായ എംകെ നാസർ കൃത്യത്തിന്‍റെ മുഖ്യ സൂത്രധാരനെന്നും രണ്ടാം പ്രതി സാജൻ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തെന്നും കണ്ടെത്തി. കേസിൽ ഭീകരപ്രവർത്തനം തെളിഞ്ഞതായും കൊച്ചിയിലെ എൻഐഎ കോടതി വ്യക്തമാക്കി.

2010 ജൂലൈ നാലിനാണ്‌ പ്രൊഫ. ടിജെ ജോസഫിന്റെ കൈ പോപ്പുലർ ഫ്രണ്ട്‌ പ്രവർത്തകർ വെട്ടിയത്‌. കോളേജിലെ രണ്ടാം സെമസ്റ്റർ ബികോം മലയാളം ഇന്റേണൽ പരീക്ഷയുടെ ചോദ്യക്കടലാസിൽ പ്രവാചകനെ അവഹേളിക്കുന്ന രീതിയിലുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തിയെന്ന്‌ ആരോപിച്ചായിരുന്നു ആക്രമണം.