
കണ്ണൂർ: കണ്ണൂരിൽ കേളകത്തും കൊട്ടിയൂരിലുമായി രണ്ട് രാജവെമ്പാലകളെ പിടികൂടി. കേളകം പൂക്കുണ്ട് കോളനിക്കടുത്ത് റോഡിൽ നിന്നാണ് ഒരു രാജവെമ്പാലയെ പിടികൂടിയത്. കൊട്ടിയൂർ പന്നിയാംമലയിലെ പൊട്ടക്കിണറ്റിലാണ് ഒരു രാജവെമ്പാലയെ കണ്ടെത്തിയത്. ഇന്നലെ രാവിലെ പാമ്പിനെ പിടികൂടാൻ ശ്രമിച്ചെങ്കിലും വിജയിച്ചിരുന്നില്ല. കിണറ്റിലെ മാളത്തിൽ കയറിയ രാജവെമ്പാലയെ ഇന്ന് മാളം പൊളിച്ച് പുറത്തെത്തിച്ച് പിടികൂടുകയായിരുന്നു
കഴിഞ്ഞ ദിവസമാണ് പന്നിയാം മലയിലെ സ്വകാര്യ വ്യക്തിയുടെ പൊട്ടകിണറ്റിൽ രാജവെമ്പാലയെ കണ്ടത്. ഇതേ തുടർന്ന് വനപാലകരും റെസ്‌ക്യൂ ടീം അംഗങ്ങളും രാജവെമ്പാലയെ പിടികൂടാൻ ശ്രമിച്ചിരുന്നുവെങ്കിലും സാധിച്ചില്ല. ഇതേ തുടർന്ന് ഞായറാഴ്ച രാവിലെ കിണറിനുള്ളിലെ മാലിന്യത്തിന് മുകളിൽ പാമ്പ് കിടപ്പുണ്ടെന്ന വിവരം ലഭിച്ചു.
തുടർന്ന് വനംവകുപ്പിലെ താല്കാലിക ജീവനക്കാരൻ ബിനോയ് കൂമ്പുങ്കൽ, റെസ്‌ക്യൂ ടീം അംഗങ്ങളായ തോമസ്,ഫൈസൽ വിളക്കോട് എന്നിവർ സ്ഥലത്തെത്തി.കമ്പുകൾ ഉപയോഗിച്ച് പാമ്പിനെ പുറത്തെത്തിക്കാൻ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. ഇതിനിടെ പാമ്പ് കിണറ്റിലെ മാളത്തിൽ കയറിയതോടെ റസ്‌ക്യൂ അംഗങ്ങൾ മാളം പൊളിച്ച് കമ്പുകൾ ഉപയോഗിച്ച് പാമ്പിനെ പുറത്തെത്തിച്ച് പിടികൂടുകയായിരുന്നു.
അതേസമയം, കേളകം പഞ്ചായത്തിൽ പൂക്കുണ്ട് കോളനിക്ക് സമീപം പാലത്തിങ്കൽ സാജൻ്റെ വീടിന് മുൻവശത്തെ റോഡിൽ നിന്നാണ് രാജവെമ്പാലയെ പിടികൂടിയത്. മണത്തണ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സി ആർ മഹേഷിന്റെ നിർദ്ദേശത്തെ തുടർന്ന് റെസ്‌ക്യൂ അംഗം ഫൈസൽ വിളക്കോട്, വാച്ചർ കുഞ്ഞുമോൻ കണിയാംഞ്ഞാലിൽ എന്നിവർ ചേർന്നാണ് പാമ്പിനെ പിടികൂടിയത്.