കൃഷിഭവനുകൾ മുഖേന ആറളം ഫാമിൽ നിന്നും വീടുകളിലേക്ക് 60,000 തെങ്ങിൻ തൈകൾ

കൃഷിഭവനുകൾ മുഖേന ആറളം ഫാമിൽ നിന്നും വീടുകളിലേക്ക്  60,000  തെങ്ങിൻ തൈകൾ


ഇരിട്ടി: ആറളം ഫാമിൽ തയ്യാറാക്കിയ തെങ്ങിൻ തൈകൾ കൃഷി ഭവൻ മുഖേന വീടുകളിലേക്ക് എത്തിക്കുന്ന നാളികേര വികസന  പദ്ധതിക്ക് തുടക്കമായി.  60,000തെങ്ങിൻ തൈകളാണ് കൃഷിഭവൻ മുഖേന വിതരണം ചെയ്യുന്നത്. ബ്ലോക്ക് പഞ്ചായത്തുകളുടെ പദ്ധതിപ്രകാരം ഗുണഭോക്താക്കളെ കണ്ടെത്തി കൃഷി ഭവൻ മുഖാന്തരം തൈകൾ എത്തിക്കാൻ നാളികേര വികസന കൗൺസിലുമായി നേരത്തെ ധാരണാപത്രം ഒപ്പു വെച്ചിരുന്നു. 
കൃഷി ഭവനുകൾ മുഖേന  കുറ്റ്യാടി ഇനത്തിൽപ്പെട്ട തൈകളാണ് വിതരണം ചെയ്യുന്നത്. കൃഷി വകുപ്പിൽ നിന്നും തെങ്ങൊന്നിന് 150 രൂപയാണ് ഫാമിന് ലഭിക്കുക. എന്നാൽ  കൃഷി ഭവനുകൾ വഴി കർഷകർക്ക്  50 രൂപയ്ക്കാണ് തൈകൾ  നൽകുന്നത്. നൂറുരൂപയുടെ സബ്‌സിഡിയാണ് കർഷകർക്ക് ലഭിക്കുക. ഇതോടൊപ്പം കൃഷി ഭവൻ മുഖാന്തരം വേപ്പിൻ പിണ്ണാക്കും വളങ്ങളും നൽകുന്നുണ്ട്.
പാക്കറ്റുകളിലാക്കിയ തൈകൾ മാത്രമാണ് ഇക്കുറി ഫാമിൽ നിന്നും വ്യക്തികൾക്ക് വിതരണം ചെയ്യുന്നത്. ഇതിന് വിലയും കൂടുതലാണ്. 
പറിച്ചെടുത്ത് നല്കുന്ന തൈകളുടെ വില്പ്പന ഇല്ലാഞ്ഞത് മൂലം  നേഴ്‌സറിയിൽ നിന്നുള്ള വരുമാനം മുൻ വർഷത്തേക്കാൾ കുറയുകയും ചെയ്തു. വൈവിധ്യ വത്ക്കരണത്തിലൂടെ നേഴ്‌സറിയിൽ നിന്നുള്ള വരുമാനം  വർധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു  കൃഷി ഭവൻ മുഖാന്തരം തൈകൾ നൽകാനുള്ള തീരുമാനം. നേരത്തെ സ്വകാര്യ ഫാമുകളിൽ നിന്നായിരുന്നു തെങ്ങിൻ തൈകൾ വാങ്ങിയിരുന്നത്. അതിന്റെ ഗുണമേന്മയും ഉത്പ്പാദന ക്ഷമതയും കർഷകരിൽ ആശങ്കയുണ്ടാക്കിയിരുന്നു. ഫാമിൽ നിന്നുള്ള തൈകൾ ലഭിക്കുന്നതോടെ ഇത്തരത്തിലുള്ള ആശങ്കകൾ ദുരീകരിക്കാനും കഴിയും.
ഫാമിലെ നടീൽ വസ്തുക്കൾക്ക് നല്ല ഡിമാന്റ് ആണെങ്കിലും ആവശ്യക്കാർക്ക് വേണ്ടതിന്റെ മൂന്നിലൊന്ന് പോലും ഫാമിൽ നിന്നും ഉത്പ്പാദിപ്പിക്കാനാകുന്നില്ല. ഫാമിൽ നിന്നു മാത്രം ലഭിക്കുന്നതും നല്ല ഉത്പ്പാദന ക്ഷമതയും വേഗത്തിൽ വിളവ് ലഭിക്കുകയും ചെയ്യുന്ന എൻ സി ഡി തെങ്ങിൻ തൈകളുടെ ഉത്പ്പാദനം പൂർണ്ണമായും നിലച്ചു. എൻ സി ഡി തൈകളുടെ മാതൃസസ്യം പുനരധിവാസ മേഖലയിൽ പതിച്ചുനൽകിയ ഭൂമിയിലാണ്. അതുകൊണ്ട് തന്നെ വിത്ത് തേങ്ങ ശേഖരിക്കാൻ പറ്റാതതാണ് കാരണം.
കുരങ്ങ് ശല്യം മൂലം  ഫാമിൽ നിന്നും വിത്ത് തേങ്ങയുടെ സംഭരണവും കുറഞ്ഞു വരികയാണ്. മറ്റ് പ്രദേശങ്ങളിൽ നിന്നും ഉയർന്ന വില നൽകി വിത്ത് തേങ്ങ വാങ്ങിയാണ് തൈകൾ ഉണ്ടാക്കുന്നത്. ഇതുമൂലം തെങ്ങിൻ തൈ വില്പ്പനയിലൂടെ കാര്യമായ വരുമാനമൊന്നും ഫാമിന് ലഭിക്കുകയും ഇല്ല.  തെങ്ങിൻ തൈകളുടെ വില്പ്പനയിൽ നിന്നും ലഭിക്കുന്ന വരുമാനത്തിന്റെ 80 ശതമാനത്തോളം ചിലവ് ഈ ഇനത്തിലേക്കായി മാറ്റപ്പെടുന്നതാണ് അതിനു കാരണം.