വോട്ടര്‍മാര്‍ക്ക് നല്‍കിയ വാഗ്ദാനം നിറവേറ്റാനാകുന്നില്ല; സ്വയം ചെരിപ്പുകൊണ്ട് മുഖത്തടിച്ച് കൗണ്‍സിലര്‍;വോട്ടര്‍മാര്‍ക്ക് നല്‍കിയ വാഗ്ദാനം നിറവേറ്റാനാകുന്നില്ല; സ്വയം ചെരിപ്പുകൊണ്ട് മുഖത്തടിച്ച് കൗണ്‍സിലര്‍; 


അനകപ്പള്ളി: സ്വന്തം വാര്‍ഡിലെ വോട്ടര്‍മാര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കഴിയുന്നില്ലെന്ന കാരണത്താല്‍ ചെരിപ്പ് കൊണ്ട് സ്വയം മുഖത്തടിച്ച് ആന്ധ്രാപ്രദേശിലെ കൗണ്‍സിലര്‍. കൗണ്‍സില്‍ മീറ്റിംഗിനിടെയായിരുന്നു വ്യത്യസ്ത പ്രതിഷേധവുമായി അനകപള്ളി ജില്ലയിലെ കൗണ്‍സിലര്‍ മുലപര്‍ധി രാമരാജു രംഗത്തെത്തിയത്. നരസിപ്പട്ടണം മുനിസിപ്പാലിറ്റിയിലെ 20-ാം വാര്‍ഡിലെ കൗണ്‍സിലറാണ് ഇദ്ദേഹം. ഇദ്ദേഹം സ്വയം ചെരിപ്പ് കൊണ്ട് മുഖത്തടിക്കുന്ന വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

” കഴിഞ്ഞ 31 മാസമായി കൗണ്‍സിലര്‍ പദവിയിലിരിക്കുന്നയാളാണ് ഞാന്‍. എന്നാല്‍ ജനങ്ങളുടെ സാധാരണ പ്രശ്‌നം പോലും പരിഹരിക്കാനാകുന്നില്ല. മാലിന്യ നിര്‍മാര്‍ജനം, വൈദ്യുതി, ശുചീകരണം, റോഡുകള്‍ എന്നിവ സംബന്ധിച്ച വോട്ടര്‍മാരുടെ ആവശ്യങ്ങള്‍ നടത്തിക്കൊടുക്കാന്‍ കഴിയുന്നില്ല,” എന്നാണ് രാമരാജു പറയുന്നത്.

മുനിസിപ്പാലിറ്റി അധികൃതര്‍ തന്റെ വാര്‍ഡിനെ പൂര്‍ണ്ണമായി അവഗണിക്കുകയാണെന്നും രാമരാജു ആരോപിച്ചു. തന്റെ വാര്‍ഡിലെ ജനങ്ങള്‍ക്ക് വാട്ടര്‍ കണക്ഷന്‍ പോലും ലഭ്യമാക്കാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.


ഇതിനെക്കാള്‍ ഭേദം മരിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ വോട്ടര്‍മാരുടെ അടിസ്ഥാന ആവശ്യങ്ങള്‍ പോലും നിറവേറ്റാന്‍ തനിക്ക് കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ടിഡിപിയുടെ പിന്തുണയോടെയാണ് രാമരാജു മത്സരിച്ചത്.