നടിയെ ആക്രമിച്ച കേസ്; വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്ന് ദിലീപ്; ഹർജി ഇന്ന് സുപ്രീംകോടതിയിൽനടിയെ ആക്രമിച്ച കേസ്; വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്ന് ദിലീപ്; ഹർജി ഇന്ന് സുപ്രീംകോടതിയിൽ


ദില്ലി: നടിയെ ആക്രമിച്ച കേസിൽ ദിലീപ് സമർപ്പിച്ച ഹർജി സുപ്രീകോടതി ഇന്ന് പരിഗണിക്കും. വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്നാണ് ആവശ്യം. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ വിചാരണ ജൂലായ് 31 ന് ഉള്ളിൽ പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശം നൽകിയിരുന്നു. എന്നാൽ വിചാരണ പൂര്‍ത്തിയാക്കി വിധി പറയാൻ വീണ്ടും സമയം നീട്ടി ചോദിച്ചിരിക്കുകയാണ് വിചാരണക്കോടതി. 

വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് 2024 മാര്‍ച്ച് 31 വരെ സമയം അനുവദിക്കണമെന്ന് വിചാരണക്കോടതി ജഡ്ജി ഹണി എം വര്‍ഗീസ് റിപ്പോർട്ട് നൽകി. സാക്ഷി വിസ്താരം പൂർത്തിയാക്കാൻ മാത്രം മൂന്ന് മാസം വേണമെന്നും ആറ് സാക്ഷികളുടെ വിസ്താരം ബാക്കിയുണ്ടെന്നും കോടതിയെ ജഡ്ജി അറിയിച്ചിട്ടുണ്ട്. വിചാരണക്കോടതി ജഡ്ജിയുടെ ആവശ്യം ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, ബേല എം. ത്രിവേദി എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് പരിഗണിക്കും. 

നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് പരിശോധിച്ചതിൽ അന്വേഷണം ആവശ്യപ്പെടുന്നത് വിചാരണ നീട്ടിക്കൊണ്ടുപോകാനാണെന്ന് ദിലീപ് നേരത്തെ ഹൈക്കോടതിയിൽ ആരോപിച്ചിരുന്നു. വിചാരണ നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തിൽ പ്രോസിക്യൂഷൻ കൈകോർക്കുകയാണെന്നാണ് ദിലീപിന്റെ വാദം. കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാർഡ് അനധികൃതമായി തുറന്ന സംഭവത്തിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് അതിജീവിത നൽകിയ ഹർജിയിലാണ് ദിലീപ് നിലപാടറിയിച്ചത്. അന്വേഷണം ആവശ്യപ്പെടുന്നതിൽ എന്തിനാണ് ആശങ്കപ്പെടുന്നതെന്ന ജസ്റ്റിസ് കെ ബാബുവിന്റെ ചോദ്യത്തിന് വിചാരണ നീണ്ടുപോകുന്നതിനാലാണ് ആശങ്കയെന്നും, തന്റെ ജീവിതമാണ് കേസുകാരണം നഷ്ടമായതെന്നുമായിരുന്നു അന്ന് ദിലീപ് നൽകിയ മറുപടി.