സാറ് പോണ്ട', കുഞ്ഞബ്ദുള്ള മാസ്റ്ററെ പൊതിഞ്ഞ് വിതുമ്പിക്കരഞ്ഞ് കുട്ടികള്‍, വികാര നിർഭരമായ യാത്ര അയപ്പ്-


'സാറ് പോണ്ട', കുഞ്ഞബ്ദുള്ള മാസ്റ്ററെ പൊതിഞ്ഞ് വിതുമ്പിക്കരഞ്ഞ് കുട്ടികള്‍, വികാര നിർഭരമായ യാത്ര അയപ്പ്- 


കോഴിക്കോട്: 'സാറ് പോണ്ട, ഞങ്ങള് വിടൂല, വിതുമ്പിക്കരഞ്ഞ് തങ്ങളുടെ പ്രിയ അധ്യാപകനെ വട്ടം പൊതിഞ്ഞ് കുട്ടികള്‍. സ്കൂളിൽ നിന്നും സ്ഥലം മാറി പോകുന്ന പ്രിയ അധ്യാപകന്‍റെ ചുറ്റും  കുടി കുട്ടികൾ കേണപേക്ഷിക്കുകയാണ്.  നാളെ വരാമെന്ന് ഉറപ്പ് നല്‍കി കുട്ടികളെ സമാധാനിപ്പിച്ച് അധ്യാപകനും. കല്ലാച്ചി ഗവ. യുപി സ്കൂളിലാണ് എല്ലാവരുടെയും കണ്ണ് നനയിക്കുന്ന അധ്യാപക വിദ്യാർത്ഥി സ്നേഹത്തിന്‍റെ കാഴ്ച. ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.

കുട്ടികളുടെ കണ്ണീർ തുടച്ച് കൊണ്ട് ഞാൻ നാളെ ഉറപ്പായും വരുമെന്ന് പറഞ്ഞ് ഓരോരുത്തരെയും കുഞ്ഞബ്ദുള്ള മാസ്റ്റർ സമാധാനിപ്പിക്കുന്നത് വീഡിയോയിൽ കാണാം. വിദ്യാർത്ഥികളുടെ കരച്ചിൽ കണ്ട് അധ്യാപകർക്കടക്കം സങ്കടം അടക്കാൻ കഴിഞ്ഞില്ല.  ഏഴു വർഷം ജോലി ചെയ്ത കല്ലാച്ചി ഗവ. യുപി സ്കൂളിൽ  നിന്ന് വീട്ടിനടുത്തുള്ള അരിമ്പോൽ ഗവ.യു.പി. സ്കൂളിലേക്ക് സ്ഥലം മാറി പോകുകയാണ് വേളം കാക്കുനി സ്വദേശി പി.കെ കുഞ്ഞബ്ദുള്ള മാസ്റ്റർ. തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകൻ സ്കൂൾ വിട്ടു പോകുന്നത് കുട്ടികൾക്ക് സഹിക്കാനാകില്ലായിരുന്നു. 

സ്കൂളിൽ നടന്ന യാത്രയയപ്പിൽ പങ്കെടുക്കാനെത്തിയ കുഞ്ഞബ്ദുള്ള മാസ്റ്ററെ കുട്ടികൾ ഒന്നടങ്കം വളഞ്ഞു. 'സാർ പോവേണ്ട' എന്ന് പറഞ്ഞു കരച്ചിലായി. ഇതോടെ അധ്യാപകനും സങ്കടത്തിലായി. 'ഞാൻ നാളെ ഉറപ്പായും വരുമെന്ന്' അധ്യാപകൻ കുട്ടികളെ പറഞ്ഞ് സമാധാനിപ്പിച്ചു. ഇതോടെയാണ് കുട്ടികൾ പിന്മാറിയത്. ഈ വികാര നിർഭര രംഗം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. കുഞ്ഞു മനം കവരാൻ കഴിയുന്ന അധ്യാപകർ എന്നും കുട്ടികളുടെ ഹൃദയത്തോട് ചേർന്നിരിക്കുമെന്നാണ് വീഡിയോയ്ക്കുള്ള കമന്‍റുകള്‍ നിറയുന്നത്.


വികാര നിർഭരമായ വിടപറയൽ സഹ അധ്യാപകരും പിടിഎ ഭാരവാഹികളും ഏറെ വേദനയോടെയാണ് കണ്ടുനിന്നത്. ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.സി സുബൈറിന്റെ നേതൃത്വത്തിൽ കുഞ്ഞബ്ദുല്ല മാസ്റ്റർക്ക്  യാത്രയയപ്പ് നൽകി. നരിപ്പറ്റ എംഎൽപി സ്കൂളിലും പിന്നീട് വയനാട് മല്ലിശേരി ഗവ. എൽപി സ്കൂളിലും ജോലി ചെയ്ത കുഞ്ഞബ്ദുള്ള മാസ്റ്റർ ആദിവാസി ഊരുകളിൽ പോയി കുട്ടികളെ സ്കൂളിലേക്ക് കൂട്ടിക്കൊണ്ടുവരുന്ന മികച്ച അധ്യാപകനായിരുന്നു. കഴിഞ്ഞ ഏഴ് വർഷമായി കല്ലാച്ചി ഗവ. യുപി സ്കൂളിൽ അധ്യാപകനായ ഇദ്ദേഹം സ്കൂളിലെ സ്റ്റാഫ് സെക്രട്ടറിയുമായിരുന്നു.  കുട്ടികളുമായും രക്ഷിതാക്കളുമായും അടുത്തബന്ധം പുലർത്തുന്ന ഈ അധ്യാപകൻ വിദ്യാലയത്തിന്റെ പുരോഗതിയിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.