ഗ്യാൻവാപി സർവ്വെ: അനുമതി നൽകി അലഹബാദ് ഹൈക്കോടതി, ശാസ്ത്രീയ സർവേ ആവശ്യമെന്നും കോടതി


ഗ്യാൻവാപി സർവ്വെ: അനുമതി നൽകി അലഹബാദ് ഹൈക്കോടതി, ശാസ്ത്രീയ സർവേ ആവശ്യമെന്നും കോടതി


ദില്ലി: ​ഗ്യാൻവാപിയിൽ സർവ്വേക്ക് അനുമതി നൽകി അലഹബാദ് ഹൈക്കോടതി. പുരാവസ്തു വകുപ്പിന് പള്ളിയിൽ സർവേ നടത്താം. വാരണാസി ജില്ലാ കോടതി ഉത്തരവിനെതിരായ അപ്പീൽ തള്ളി. ശാസ്ത്രീയ സർവേ ആവശ്യമെന്നും കോടതി പറഞ്ഞു. ഗ്യാന്‍വാപി പള്ളിയിലെ സര്‍വെയ്ക്കുള്ള ഇടക്കാല സ്റ്റേ അലഹബാദ് ഹൈക്കോടതി ഓ​ഗസ്റ്റ് 3 വരെ നീട്ടിയിരുന്നു. വാദം പൂര്‍ത്തിയാക്കി ഓ​ഗസ്റ്റ് 3ന് വിധി പറയുമെന്ന് കോടതി വ്യക്തമാക്കി. അതുവരെ  സര്‍വെ നടത്താന്‍ പുരാവസ്തുവകുപ്പിന് അനുമതിയില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. 

വാരണാസിയില്‍ ക്ഷേത്രമാണോ പള്ളിയാണോ ആദ്യം വന്നതെന്ന് കണ്ടെത്താനാണ് സര്‍വെ നടത്താന്‍ വാരണാസി ജില്ലാ കോടതി അനുമതി നല്‍കിയത്. ഇതിനെ ചോദ്യം ചെയ്തു പള്ളികമ്മിറ്റിയാണ് അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്. സര്‍വെ പള്ളിയെ തകര്‍ക്കുമെന്ന് പള്ളികമ്മിറ്റിയും പള്ളിക്ക് കേടുപാട് പാറ്റാതെയാവും സര്‍വെയെന്ന് പുരാവസ്തു വകുപ്പും കോടതിയെ അറിയിച്ചിരുന്നു.

വാരാണസി ജില്ലാ കോടതിയാണ് ആ‌ർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്ക് ഗ്യാൻവാപി മസ്ജിദിൽ സർവേക്ക് നിർദേശം നൽകിയത്. ശിവലിം​ഗം കണ്ടെത്തിയെന്ന് പറയുന്ന ജലസംഭരണി ഒഴികെയുള്ള ഭാ​ഗങ്ങളിൽ സർവേ നടത്താനായിരുന്നു നിർദേശം. ജലസംഭരണി ഉൾപ്പെടുന്ന ഭാ​ഗങ്ങൾ നേരത്തെ സുപ്രീം കോടതി നിർദേശപ്രകാരം സീൽ ചെയ്തിരുന്നു. മസ്ജിദിൽ ആരാധന നടത്താൻ അനുമതി തേടി നാല് വനിതകളാണ് ആദ്യം കോടതിയെ സമീപിച്ചത്. രാവിലെ 8 മുതൽ 12 മണിവരെ സർവേ നടത്താനാണ് കോടതി അനുവാദം നൽകിയത്. മസ്ജിദിൽ ഏതെങ്കിലും രീതിയിലുള്ള കേടുപാടുകൾ ഉണ്ടാക്കാൻ പാടില്ല. ഈ സമയത്ത് പ്രാർത്ഥനകൾ മുടങ്ങാൻ പാടില്ലെന്നും കോടതി നിർദ്ദേശിച്ചിരുന്നു.