എക്-സെെസ് ഓണം സ്‌പെഷ്യൽ ഡ്രൈവ്‌ ; 10,469 കേസ്‌; 
3.25 കോടിയുടെ 
മയക്കുമരുന്ന് പിടിച്ചു

എക്-സെെസ് ഓണം സ്‌പെഷ്യൽ ഡ്രൈവ്‌ ; 10,469 കേസ്‌; 
3.25 കോടിയുടെ 
മയക്കുമരുന്ന് പിടിച്ചു

ഓണം സ്‌പെഷ്യൽ ഡ്രൈവിൽ എക്‌സൈസ്‌ രജിസ്റ്റർ ചെയ്തത് 10,469 കേസ്‌. ഇതിൽ 833 മയക്കുമരുന്ന്‌ കേസും 1851 അബ്കാരി കേസുമാണ്‌. മയക്കുമരുന്ന് കേസുകളിൽ 841 പേരും അബ്കാരി കേസുകളിൽ 1479 പേരും അറസ്റ്റിലായി. 3.25 കോടിയുടെ മയക്കുമരുന്നാണ് പിടിച്ചത്. ഓണം സ്പെഷ്യൽ ഡ്രൈവ് വിജയിപ്പിച്ച എക്‌സൈസ്‌ സേനാംഗങ്ങളെ മന്ത്രി എം ബി രാജേഷ് അഭിനന്ദിച്ചു.

ആകെ 13,622 പരിശോധനകളാണ് നടത്തിയത്. മറ്റ് വകുപ്പുകളുമായി ചേർന്ന് 942 റെയ്ഡുകളും നടത്തി. 1,41,976 വാഹനങ്ങൾ പരിശോധിച്ചു. മയക്കുമരുന്ന്‌ കേസിൽ 56 വാഹനങ്ങളും അബ്കാരിയിൽ 117 വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. കൂടുതൽ മയക്കുമരുന്ന് കേസ്‌ റിപ്പോർട്ട് ചെയ്തത് എറണാകുളം (92), കോട്ടയം (90), ആലപ്പുഴ (87) ജില്ലകളിലാണ്. കുറവ് കാസർകോട്‌ ജില്ലയിൽ (8). അബ്കാരി കേസ്‌ ഏറ്റവുമധികം പാലക്കാട് (185), കോട്ടയം (184) ജില്ലകളിലും കുറവ് വയനാട്ടിലും (55), ഇടുക്കിയിലും (81) ആണ്‌. പുകയില സംബന്ധിച്ച 7785 കേസുകളിലായി 15.56 ലക്ഷം രൂപ പിഴചുമത്തി. 2203 കിലോ പുകയില ഉൽപ്പന്നങ്ങളാണ് പിടിച്ചത്. ഓണം ഡ്രൈവിന്റെ ഭാഗമായി 409.60 ഗ്രാം എംഡിഎംഎ, 77.64 ഗ്രാം ഹെറോയിൻ, ഒമ്പത്‌ ഗ്രാം ബ്രൗൺ ഷുഗർ, 8.6 ഗ്രാം ഹാഷിഷ്, 32.6 ഗ്രാം ഹാഷിഷ് ഓയിൽ, 83 ഗ്രാം മെതാംഫെറ്റമിൻ, 50.84 ഗ്രാം നൈട്രോസെഫാം ഗുളിക, 2.8ഗ്രാം ട്രെമഡോൾ എന്നിവയും പിടിച്ചെടുത്തു. 194.46 കിലോ കഞ്ചാവ്, 310 കഞ്ചാവ് ചെടികൾ എന്നിവയും പിടികൂടിയവയിൽ ഉൾപ്പെടും. അബ്കാരി കേസുകളിൽ 1069.10 ലിറ്റർ ചാരായം, 38,311 ലിറ്റർ വാഷ്, 5076.32 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യം, 585.40 ലിറ്റർ വ്യാജമദ്യം, 1951.25 ലിറ്റർ ഇതര സംസ്ഥാന മദ്യം എന്നിവയും പിടിച്ചിട്ടുണ്ട്