
2025 അവസാനത്തോടെ ഇന്ത്യയിലെ എല്ലാ സ്മാർട്ട്ഫോണുകളിലും ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ (ഐഎസ്ആർഒ) നാവിക് സപ്പോർട്ട് (നാവിഗേഷൻ വിത്ത് ഇന്ത്യൻ കോൺസ്റ്റലേഷൻ) ലഭ്യമാകുമെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. 2025 ജനുവരി 1-നകം 5 ജി സ്മാർട്ട്‌ഫോണുകൾക്കും 2025 ഡിസംബറോടെ മറ്റ് സ്‌മാർട്ട്‌ഫോണുകൾക്കും നാവിക് സപ്പോർട്ട് ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമേരിക്കൻ ദിശ നിർണയസംവിധാനമായ ജിപിഎസിന് പകരമായി ഐഎസ്ആർഒ തദ്ദേശീയമായി വികസിപ്പിച്ച സംവിധാനമാണ് നാവിക്.
സിസ്റ്റം ഡിസൈനുകളിൽ ഇന്ത്യൻ നിർമിതമോ ഇന്ത്യയിൽ രൂപകൽപന ചെയ്തതോ ആയ, നാവിക് പിന്തുണയ്ക്കുന്ന ചിപ്പുകൾ ഉപയോഗിക്കുന്നതിന് പ്രോത്സാഹനം നൽകുന്ന കാര്യം കേന്ദ്ര സർക്കാരിന്റെ പരിഗണനയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയതായി അവതരിപ്പിച്ച ഐഫോൺ 15 ശ്രേണിയിലെ പ്രോ, പ്രോ മാക്സ് മോഡലുകളിൽ നാവിക് സംവിധാനവും ആപ്പിൾ ഉൾപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് രാജീവ് ചന്ദ്രശേഖറിന്റ് പ്രഖ്യാപനം എത്തുന്നത്. “ടെക് രംഗത്ത് ലോകത്തിലെ തന്നെ ഏറ്റവും വലിയ കമ്പനികളിലൊന്നായ ആപ്പിൾ, തങ്ങളുടെ പുതിയ ഐഫോൺ സീരിസിൽ നാവിക് ഉൾപ്പെടുത്തിയിരിക്കുന്നു. ഇത് ഇന്ത്യക്കു ലഭിച്ച അംഗീകാരമാണ്. ഐഫോൺ 15 ന്റെ പ്രഖ്യാപനത്തിൽ രണ്ട് വലിയ നാഴികക്കല്ലുകളുണ്ടായിട്ടുണ്ട്. ഒന്നാമത്തേത് ന്യൂയോർക്കിലോ ടോക്കിയോയിലോ ലണ്ടനിലോ ഉള്ള ഉപഭോക്താക്കൾക്ക് ഐ ഫോൺ 15 ലഭിക്കുന്ന ദിവസം തന്നെ ഇന്ത്യക്കാർക്കും ലഭിക്കുമെന്നതാണ്. ഐഎസ്ആർഒ വികസിപ്പിച്ച നാവിസ് ജിപിഎസ് സാറ്റലൈറ്റ് സിസ്റ്റം ഈ ഐഫോണിൽ ഉണ്ടായിരിക്കും എന്നതാണ് രണ്ടാമത്തേത്” ചന്ദ്രശേഖർ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
അമേരിക്കയുടെ ഗ്ലോബൽ പൊസിഷനിങ് സിസ്റ്റത്തിന് (ജിപിഎസ്) ബദലായി ഇന്ത്യ വികസിപ്പിച്ചെടുത്ത സംവിധാനമാണ് നാവിക്. ഇതിനകം രാജ്യത്തെ മത്സ്യബന്ധന ബോട്ടുകള്‍ക്കും കപ്പലുകള്‍ക്കും വാണിജ്യ വാഹനങ്ങളിലും നാവികിന്റെ വിവിധ സേവനങ്ങള്‍ ലഭ്യമാണ്. സൈനിക ആവശ്യങ്ങള്‍ക്ക് ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്നത് നാവികിനെയാണ്. ഇന്ത്യന്‍ ഭൂപ്രദേശം മുഴുവനും രാജ്യാതിര്‍ത്തിക്ക് പുറത്ത് 1500 കിമീ പരിധിയിലുമാണ് നാവികിന്റെ സേവനം ലഭ്യമാകുക.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.