ഇരിട്ടി സാർവ്വജനീക ഗണേശോത്സവം ഇന്ന് വിഗ്രഹ പ്രതിഷ്ഠ - 22 ന് നിമജ്ജന ഘോഷയാത്ര

ഇരിട്ടി സാർവ്വജനീക  ഗണേശോത്സവം 
ഇന്ന് വിഗ്രഹ പ്രതിഷ്ഠ - 22 ന് നിമജ്ജന ഘോഷയാത്ര 
ഇരിട്ടി: ഗണേശ സേവാ സമിതിയുടെ നേതൃത്വത്തിൽ 19 മുതൽ  22 വരെ ഇരിട്ടിയിൽ സാർവ്വജനീക ഗണേശോത്സവവും മഹാനിമജ്ജന ഘോഷയാത്രയും നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. വിനായക ചതുർത്ഥിയായ ഇന്ന് വൈകുന്നേരം 6 മണിക്ക് മൂലോത്തുംകുന്ന് കൈരാതി കിരാത ക്ഷേത്രത്തിൽ ഗണേശ വിഗ്രഹ പ്രതിഷ്‌ഠാ കർമ്മം നടക്കും. 21 ന് വൈകുന്നേരം 7 ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം വിദ്യാസാഗർ ഗുരുമൂർത്തി ഉദ്‌ഘാടനം ചെയ്യും. ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി തുടങ്ങി സാമൂഹിക, സാംസ്‌കാരിക, ആധ്യാത്മിക മേഖലയിലെ പ്രമുഖർ പങ്കെടുക്കും. തുടർന്ന് കല്ല്യാണി സ്‌കൂൾ ഓഫ് മ്യൂസിക്ക് ഇരിട്ടി സിസ്റ്റേഴ്സ് അവതരിപ്പിക്കുന്ന ഗാനാമൃതം സംഗീത പരിപാടിയും അന്നദാനവും നടക്കും. 
22 ന് വൈകുന്നേരം 5 മണിക്ക് മേഖലയിലെ മുപ്പത്തി അഞ്ചോളം പ്രദേശങ്ങളിൽ നിന്നും ഗണേശ വിഗ്രഹ ഘോഷയാത്രകൾ ഇരിട്ടിയിൽ എത്തിച്ചേരും. ഉളിക്കൽ, പരിക്കളം, കൂട്ടുപുഴ, പടിയൂർ, കീഴ്പ്പള്ളി മേഖലകളിൽ നിന്നും എത്തുന്ന ഘോഷയാത്രകൾ ഇരിട്ടി പാലം കടന്ന് നേരംപോക്ക്, കീഴൂർ വഴി കൈരാതി കിരാത ക്ഷേത്ര പരിസരത്തു എത്തിച്ചേരണം. തില്ലങ്കേരി, മീത്തലെപുന്നാട്, പുന്നാട് മേഖലകളിൽ നിന്നും വരുന്ന ഘോഷയാത്രകൾ നേരെ കൈരാതി കിരാത ക്ഷേത്രത്തിൽ എത്തിച്ചേരണം . പായം, വട്ട്യറ, പയഞ്ചേരി മേഖലയിലെ ഘോഷയാത്രകൾ പയഞ്ചേരി മുക്ക് വഴി കീഴൂരിൽ എത്തിച്ചേരണം. 
തുടർന്ന് കൈരാതി കിരാത ക്ഷേത്ര പരിസരത്ത് സംഗമിക്കുന്ന  ഘോഷയാത്രകൾ ഇരിട്ടി നഗരം ചുറ്റി രാത്രിയോടെ  പഴയപാലത്ത് എത്തി വിഗ്രഹങ്ങൾ  പുഴയിൽ നിമജ്ജനം ചെയ്യും. ഇരിട്ടിയിൽ ആദ്യമായി നടക്കുന്ന ഗണേശോത്സവത്തിൽ   വിവിധ നിശ്ചല ദൃശ്യങ്ങളും, വിവിധ നൃത്തരൂപങ്ങളും , വാദ്യമേളങ്ങളും  പതിനായിരത്തിലധികം ഭക്തജനങ്ങളും പങ്കെടുക്കുമെന്നും സംഘാടക സമിതി ഭാരവാഹികളായ സജീവൻ ആറളം, എം. ആർ. സുരേഷ്, പ്രവീൺ ചന്ദ്രവാസു, എം. ബാലകൃഷ്ണൻ, എം. ഹരിഹരൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.