ലക്ഷ്യത്തിലേക്ക് ഒരു പടി കൂടി കടന്ന് ആദിത്യ എല്‍ വണ്‍; നാലാം ഭ്രമണപഥം ഉയര്‍ത്തല്‍ വിജയകരം

ലക്ഷ്യത്തിലേക്ക് ഒരു പടി കൂടി കടന്ന് ആദിത്യ എല്‍ വണ്‍; നാലാം ഭ്രമണപഥം ഉയര്‍ത്തല്‍ വിജയകരം


ബംഗളുരു: ഇന്ത്യയുടെ ആദ്യ സൂര്യ പഠന ദൗത്യമായ ആദിത്യ എല്‍ വണ്‍, ലക്ഷ്യസ്ഥാനത്തേക്കുള്ള യാത്രയില്‍ ഒരു നാഴികക്കല്ല് കൂടി പിന്നിട്ടു. കൃത്രിമ ഉപഗ്രഹത്തിന്റെ നാലാമത് ഭമണപഥം ഉയര്‍ത്തല്‍ വെള്ളിയാഴ്ച പുലര്‍ച്ചെ പൂര്‍ത്തിയായതായി ഐഎസ്ആര്‍ഒ അറിയിച്ചു. മൗറീഷ്യസ്, ബംഗളുരു, ശ്രീഹരിക്കോട്ട, പോര്‍ട്ട്ബ്ലെയര്‍ എന്നിവിടങ്ങളിലെ ഐഎസ്ആര്‍ഒയുടെ ഗ്രൗണ്ട് സ്റ്റേഷനുകള്‍ ഭ്രമണപഥം ഉയര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചു. ആദിത്യ എല്‍ വണ്ണിന് വേണ്ടി ഫിജി ദ്വീപുകളില്‍ സ്ഥാപിച്ചിട്ടുള്ള ഒരു ട്രാന്‍സ്‍പോര്‍ട്ടബള്‍ ടെര്‍മിനലായിരിക്കും 'പോസ്റ്റ് ബേണ്‍' പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുക.

256 കിലോമീറ്റര്‍ x 121973 കിലോമീറ്ററാണ് ആദിത്യ എല്‍ വണ്ണിന്റെ പുതിയ ഭ്രമണപഥം. ഭൂമിയുടെ ഭ്രമണപഥം വിട്ട് ലക്ഷ്യസ്ഥാനമായ ഒന്നാം ലഗ്രാഞ്ച് പോയിന്റിലേക്കുള്ള  യാത്ര തുടങ്ങുന്നത് സെപ്റ്റംബര്‍ 19-ാം തീയ്യതിയായിരിക്കും. പുലര്‍ച്ചെ രണ്ട് മണിയോടെ നടക്കാനിരിക്കുന്ന ഈ മാറ്റത്തോടെ ആദിത്യ എല്‍ വണ്‍ ഭൂമിയുടെ ഭ്രമണ പഥത്തില്‍ നിന്ന് പൂര്‍ണമായി മാറും. ഇന്ന് പുലര്‍ച്ചെ നടന്ന മാറ്റത്തിന് പുറമെ ഇതിന് മുമ്പ് മൂന്ന് തവണയാണ് ആദിത്യ എല്‍ വണ്ണിന്റെ ഭ്രമണപഥം ഉയര്‍ത്തിയത്. സെപ്റ്റംബര്‍ രണ്ടിന് നടന്ന വിക്ഷേപണത്തിന് ശേഷം സെപ്റ്റംബര്‍ മൂന്നാം തീയ്യതിയും അഞ്ചാം തീയ്യതിയും പത്താം തീയ്യതിയും ഭ്രമണപഥം ഉയര്‍ത്തി.