പഞ്ചാബിൽ കോൺഗ്രസ് നേതാവ് കൊല്ലപ്പെട്ടു; ഉത്തരവാദിത്തം ഏറ്റെടുത്ത് ഖലിസ്ഥാൻ ഭീകര സംഘടന
കാനഡ ആസ്ഥാനമായ ഖലിസ്ഥാൻ ഭീകര സംഘടന കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു.
ഡൽഹി: പഞ്ചാബിൽ കോൺഗ്രസ് നേതാവ് വെടിയേറ്റ് മരിച്ചു. ബൽജീന്ദർ സിംഗ് ബാലിയാണ് കൊല്ലപ്പെട്ടത്. മോഗ ജില്ലയിൽ നിന്നുള്ള കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റാണ് ബാലി. കാനഡ ആസ്ഥാനമായ ഖലിസ്ഥാൻ ഭീകര സംഘടന കൊലപാതകത്തിന്റെ ഉത്തരവാദിത്വം
ഏറ്റെടുത്തു. ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നിൽ ഇന്ത്യയെന്ന ആരോപണം നിലനിൽക്കുന്നതിനിടെയാണ് സംഭവം.
പഞ്ചാബ് മേഖലയിൽ പ്രത്യേക സിഖ് സംസ്ഥാനം രൂപീകരിക്കുന്നതിന് വേണ്ടി വാദിച്ച ഹർദീപ് സിങ് നിജ്ജാര്‍ ജൂൺ 18 നാണ് ബ്രിട്ടീഷ് കൊളംബിയയിലെ ഗുരുദ്വാരയ്ക്ക് പുറത്ത് വെടിയേറ്റ് മരിച്ചത്. ബ്രിട്ടീഷ് കൊളംബിയയിലെ മുതിർന്ന ഖലിസ്ഥാൻ നേതാക്കളിൽ ഒരാളാണ് ഹർദീപ് സിങ് നിജ്ജാർ. കൊല്ലപ്പെടുന്നതിന് മുമ്പ് നിരവധി ഭീഷണികൾ ഹർദീപ് സിങ് നേരിട്ടിരുന്നുവെന്ന് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവർ പറഞ്ഞു.
കാനഡയുടെ ആരോപണങ്ങൾ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നിഷേധിച്ചിട്ടുണ്ട്. നിജ്ജാറിന്റെ കൊലപാതകത്തിലെ ആരോപണങ്ങളുടെ ചുവടുപിടിച്ച് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥൻ പവൻ കുമാർ റായിയെ കാനഡ പുറത്താക്കി. കൊലപാതകത്തിന് പിന്നിൽ ഇന്ത്യയാകാമെന്നാണ് കാനഡയുടെ നിലപാട്. കനേഡിയൻ വിദേശകാര്യ മന്ത്രി മെലാനി ജോളിയാണ് ഇക്കാര്യം അറിയിച്ചത്.
ഹർദീപ് സിങ് വിഘടനവാദ ഗ്രൂപ്പിനെ നയിച്ച തീവ്രവാദിയാണെന്ന് ഇന്ത്യ പറഞ്ഞിരുന്നു. പഞ്ചാബിലെ ജലന്ധറിലെ ഭർസിംഗ്പൂർ ഗ്രാമത്തിൽ നിന്നുള്ളയാളാണ് നിജ്ജാർ. നിജ്ജാർ ഒളിവിൽ പോയതായി എൻഐഎ പ്രഖ്യാപിച്ചിരുന്നു. ഖലിസ്ഥാന്‍ തീവ്രവാദി കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെ തുടര്‍ന്ന് സ്വതന്ത്ര വ്യാപാര കരാർ ഒപ്പുവെക്കുന്നത് ഉൾപ്പെടെ ഇരുരാജ്യങ്ങളും നിർത്തിവച്ചിരിക്കുകയാണ്.