നിപാ വൈറസ്: കേന്ദ്ര ആരോ​ഗ്യസംഘം കോഴിക്കോടെത്തി

നിപാ വൈറസ്: കേന്ദ്ര ആരോ​ഗ്യസംഘം കോഴിക്കോടെത്തി


കോഴിക്കോട്> അഞ്ചുപേർക്ക് നിപാ വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില് പ്രതിരോധ പ്രവര്ത്തനങ്ങള്ക്കായി കേന്ദ്രസംഘം കോഴിക്കോടെത്തി. വ്യാഴാഴ്ച രാവിലെയാണ് ഡോ. ഹിമാൻസു ചൗഹാന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് ജില്ലയിലെത്തിയത്. സംഘം ഇന്ന് കുറ്റ്യാടിയിലും ആയഞ്ചേരിയിലും സർവേ നടത്തും.

അതേസമയം നിപാ ബാധയെ തുടർന്ന് ആയഞ്ചേരി പഞ്ചായത്തിൽ കഴിഞ്ഞ ദിവസം മരണപ്പെട്ടയാളുടെ വീട്ടിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സന്ദർശിച്ച് സാമ്പിളുകൾ ശേഖരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലെ കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലെ സാംക്രമിക രോഗ നിയന്ത്രണ കോർഡിനേറ്റർ ഡോ. ബിന്ദു, ഡോ. രജസി, ഡോ. കെ വി അമൃത, ഡോ. സാജൻ എന്നിവരടങ്ങുന്ന സംഘമാണ് മരണ വീട് സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചത്.

വീട്ടിൽ നിന്നും പരിസരത്ത് നിന്നുമായി വവ്വാലുകൾ കടിച്ച അടക്കകളും മറ്റു പഴ വർഗ്ഗങ്ങളും സംഘം ശേഖരിച്ചു. വവ്വാലുകൾ കടിച്ച പഴങ്ങൾ, അടക്കകൾ തുടങ്ങിയവ സ്പർശിച്ചാൽ കൈകൾ ഉടൻ സോപ്പിട്ട് കഴുകണമെന്നും കൂടുതൽ ജാഗ്രത പാലിക്കണമെന്നും അവർ നിർദ്ദേശിച്ചു. പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ഹൃദ്യ, ഹെൽത്ത് ഇൻസ്പെക്ടർ പി സജീവൻ, ജെഎച്ച്ഐ സന്ദീപ് കുമാർ എന്നിവരുമായി സംഘം ആശയ വിനിമയം നടത്തി