കെഎംപിയു മീഡിയ ഹൗസ് ഉദ്ഘാടനം ചെയ്തു

കെഎംപിയു മീഡിയ ഹൗസ് ഉദ്ഘാടനം ചെയ്തു
പയ്യന്നൂര്‍: കേരളത്തിലെ പ്രാദേശിക മാധ്യമ പ്രവര്‍ത്തകരുടെ സ്വാതന്ത്ര ട്രേഡ് യൂണിയന്‍ കേരള മീഡിയ പേര്‍സണ്‍സ് യൂണിയന്‍ (കെഎംപിയു) ന്റെ സംസ്ഥാന കമ്മിറ്റി ഓഫീസും പ്രഥമ മീഡിയ ഹൗസും പയ്യന്നൂരില്‍ സംഘടനയുടെ സംസ്ഥാന നേതാക്കള്‍ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന പ്രസിഡന്റ് എം.റഫീഖ്, ജനറല്‍ സെക്രട്ടറി സുവീഷ് ബാബു എന്നിവര്‍ ചേര്‍ന്നാണ് പയ്യന്നൂര്‍ പോലീസ് സ്റ്റേഷന് മുന്‍വശത്തെ സഫ മാര്‍വ്വ ബില്‍ഡിംഗില്‍ രണ്ടു സ്ഥാപനങ്ങളുടേയും ഉദ്ഘാടനം നിര്‍വഹിച്ചത്. അംഗങ്ങളുടെ ക്ഷേമത്തിനായി നടപ്പാക്കുന്ന പദ്ധതികളുടേയും എന്‍ജിഒയുടേയും കേന്ദ്രമായി മീഡിയ ഹൗസുകളെ മാറ്റിയെടുക്കുകയാണ് ലക്ഷ്യമെന്ന് കെഎംപിയു സംസ്ഥാന ജനറല്‍ സെക്രട്ടറി സുവീഷ് ബാബു പറഞ്ഞു.സംസ്ഥാനത്തെ വിവിധ മന്ത്രിമാര്‍ക്ക് സംഘടന നല്‍കിയ ജല അപകടങ്ങളേയും പരിഹാര മാര്‍ഗങ്ങളും സംബന്ധിച്ച പഠന റിപ്പോര്‍ട്ടിന്റെ തുടര്‍ നടപടിയായാണ് കോഴിക്കോട് ആസ്ഥാനമാക്കിയുള്ള സിഡബ്ലൂആര്‍ഡിഎം ന്റെ പഠനത്തിന് കളമൊരുങ്ങിയതെന്നും സംഘടനയെ സംബന്ധിച്ച് ഇത് വലിയ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം തൃശൂര്‍ എന്നിവിടങ്ങളിലെ മീഡിയ ഹൗസുകളുടെ ഉദ്ഘാടനം ഈ മാസംതന്നെ നടക്കുമെന്നും തൊട്ടുപിന്നാലെ മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലെ മീഡിയ ഹൗസുകളുടെ ഉദ്ഘാടനം നടക്കുമെന്നും സംസ്ഥാന പ്രസിഡന്റ് എം.റഫീഖ് പറഞ്ഞു. ഉദ്ഘാടന ചടങ്ങില്‍ സംസ്ഥാന പ്രൊജക്ട് കോഡിനേറ്റര്‍ ജോയി മാത്യൂ അദ്ധ്യക്ഷത വഹിച്ചു. ട്രഷറര്‍ ഷാഫി ചങ്ങരംകുളം, എ.അബൂബക്കര്‍, മത്തായി കേരളം, വില്‍സണ്‍ ചാക്കോ, ജിനോ ഫ്രാന്‍സീസ്, പീറ്റര്‍ ഏഴിമല, നീതു അശോക് തുടങ്ങിയവര്‍ സംസാരിച്ചു.