
ഇന്ത്യയുടെ സൂര്യ പഠന ദൗത്യമായ ആദിത്യ എൽ വണ്ണിന്റെ ലക്ഷ്യ സ്ഥാനത്തേക്കുള്ള യാത്ര വിജയകരമായി തുടരുന്നു. മൂന്നാം ഘട്ട ഭ്രമണപഥം ഉയർത്തലും വിജയകരമെന്ന് ISRO അറിയിച്ചു. പുലർച്ചെ രണ്ടരയ്ക്കായിരുന്നു ഭ്രമണപഥം ഉയർത്തൽ. ഭൂമിയിൽ നിന്നും 296 മുതൽ 71,767 കിമീ വരെ അകലത്തിലുള്ള ഭ്രമണപഥത്തിലെത്തിച്ചു.
സെപ്റ്റംബർ 15 ന് പുലർച്ചെ 2 മണിക്കാണ് നാലാം ഘട്ട ഭ്രമണപഥം ഉയർത്തൽ. ഒരു തവണ കൂടി ഓർബിറ്റ് ഉയർത്തിയ ശേഷം ഭൂമിയുടെ ഭ്രമണപഥം വിട്ട് ആദിത്യ എൽ വൺ ലഗ്രാഞ്ച് പോയിന്റിലേക്ക് നീങ്ങും. ഇത് നാല് മാസം നീളും.
മൗറീഷ്യസ്, ബെംഗളൂരു, എസ്ഡിഎസ്‌സി-ഷാർ, പോർട്ട് ബ്ലെയർ എന്നിവിടങ്ങളിലെ ഐഎസ്ആർഒയുടെ ഗ്രൗണ്ട് സ്റ്റേഷനുകളിൽ നിന്നായിരുന്നു നിരീക്ഷണം.
2023 സെപ്റ്റംബര്‍ രണ്ടിനാണ് ഇന്ത്യയുടെ ആദ്യ സോളാര്‍ ദൗത്യമായ ആദിത്യ എല്‍-1 വിക്ഷേപിച്ചത്. ഇതുകഴിഞ്ഞുള്ള ആദ്യ ഞായറാഴ്ച്ചയായിരുന്നു ആദ്യത്തെ ഭ്രമമപഥം ഉയർത്തിയത്. സെപ്റ്റംബർ 5 ന് രണ്ടാം ഘട്ടവും വിജയകരമായി പൂർത്തിയാക്കി.
ആകെ അഞ്ച് ഘട്ടങ്ങളിലായാണ് ഉപഗ്രഹത്തിന്റെ ഭ്രമണപഥം ഉയര്‍ത്തുക. ഭ്രമണപഥം ഉയര്‍ത്തുന്നത് പൂര്‍ത്തിയായ ശേഷം ഉപഗ്രഹം സൂര്യനടുത്തുള്ള എല്‍-1 ബിന്ദു ലക്ഷ്യമാക്കി യാത്ര ആരംഭിക്കും. ഏകദേശം 110 ദിവസത്തിനു ശേഷം ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങും. ഇതിനുശേഷം എല്‍-1ന് സമീപമുള്ള ഹലോ ഓര്‍ബിറ്റിലേക്ക് ആദിത്യ എല്‍-1 സന്നിവേശിപ്പിക്കും. ഭൂമിയും സൂര്യനും ചെലുത്തുന്ന ഗുരുത്വാകര്‍ഷണ ബലം പരസ്പരം ഇല്ലാതാക്കുന്ന ഇടമാണ് ലാഗ്രന്‍ജിയന്‍ 1 പോയിന്റ് (എല്‍-1). ഇത് ഉപഗ്രഹത്തെ ഒരിടത്തുതന്നെ നിലയുറപ്പിക്കാന്‍ സഹായിക്കും.