എച്ച്‌ഐവി ബാധിതരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണമെന്ന്‌ ഹൈക്കോടതി


സർക്കാരിന്റെ സാമ്പത്തികസഹായം സ്വീകരിക്കുന്ന എച്ച്‌ഐവി ബാധിതരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കാൻ സ്വീകരിക്കാവുന്ന നടപടികൾ 29നകം അറിയിക്കാൻ സർക്കാരിനോട്‌ ഹൈക്കോടതിയുടെ നിർദേശം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നുള്ള സാമ്പത്തികസഹായം ലഭിക്കാൻ അക്ഷയകേന്ദ്രം മുഖേന അപേക്ഷിക്കുമ്പോൾ രോഗികളുടെ വിവരം പുറത്തുപോകുമെന്നു കാണിച്ച്‌ എച്ച്‌ഐവി ബാധിതൻ നൽകിയ ഹർജി പരിഗണിച്ചാണ്‌ ജസ്‌റ്റിസ്‌ ദേവൻ രാമചന്ദ്രന്റെ നിർദേശം.

എച്ച്‌ഐവി ബാധിതർക്ക്‌ ആറുമാസം കൂടുമ്പോൾ 6000 രൂപവീതം സാമ്പത്തികസഹായം ലഭിക്കുന്നുണ്ട്‌. ഇതിനായി അക്ഷയകേന്ദ്രം വഴി കലക്ടർക്ക്‌ അപേക്ഷ നൽകണം. അപേക്ഷയോടൊപ്പം മെഡിക്കൽ സർട്ടിഫിക്കറ്റുകളും വിലാസവും നൽകുമ്പോൾ വിവരങ്ങൾ പുറത്തുപോകുമെന്നും സ്വകാര്യത പരസ്യപ്പെടുന്നുവെന്നുമാണ്‌ ഹർജിക്കാരുടെ വാദം. എച്ച്ഐവി ബാധിതരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കേണ്ടത്‌ പരമപ്രധാനമാണെന്നും ഭരണഘടന ഉറപ്പുനൽകുന്ന സ്വകാര്യതയ്‌ക്കുള്ള അവകാശം സംരക്ഷിക്കാൻ സർക്കാരിന്‌ ബാധ്യതയുണ്ടെന്നും കോടതി വ്യക്തമാക്കി.