കേരളത്തിലെ എല്ലാ മൊബൈൽ ഉപഭോക്താക്കൾക്കും വലിയ ശബ്ദത്തോടെ സന്ദേശമെത്തും; ഭയക്കേണ്ട, കാരണമറിയാംകേരളത്തിലെ എല്ലാ മൊബൈൽ ഉപഭോക്താക്കൾക്കും വലിയ ശബ്ദത്തോടെ സന്ദേശമെത്തും; ഭയക്കേണ്ട, കാരണമറിയാം


തിരുവനന്തപുരം: കേരളത്തിലെ എല്ലാ മൊബൈൽ ഉപഭോക്താക്കളുടെ ഫോണുകള്‍ നാളെ കൂട്ടത്തോടെ ശബ്ദിക്കുകയും വൈബ്രേറ്റ് ചെയ്യുകയും ചെയ്യുമെന്ന് മുന്നറിയിപ്പ്. കേന്ദ്ര ടെലികോം വകുപ്പാണ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്. ഇത് കേട്ട് ആരും പേടിക്കേണ്ടെന്നും കേരളത്തില്‍ പുതുതായി പരീക്ഷിക്കുന്ന സെല്‍ ബ്രോഡ്‌കാസ്റ്റിംഗിന്റെ ഭാഗമായുള്ള ടെസ്റ്റ് അലര്‍ട്ടുകള്‍ ലഭിക്കുന്നതിനാലാണിതെന്നും നിർദ്ദേശം.

31-10-2023 പകല്‍ 11 മണിമുതല്‍ വൈകിട്ട് നാലുമണിവരെ ഫോണുകള്‍ ശബ്ദിക്കുകയും വിറയ്ക്കുകയും ചെയ്യുമെന്നാണ് അറിയിപ്പ്. ചില അടിയന്തര ഘട്ടങ്ങള്‍ സംബന്ധിച്ച മുന്നറിയിപ്പ് ലഭിച്ചേക്കും. ഇത്തരത്തില്‍ സന്ദേശങ്ങള്‍ ലഭിക്കുന്നവര്‍ പരിഭ്രാന്തരാകേണ്ടതില്ല. ഇതൊരു അടിയന്തരഘട്ട മുന്നറിയിപ്പ് പരീക്ഷണം മാത്രമാണെന്നും ടെലികോം വകുപ്പ് വ്യക്തമാക്കുന്നു.


കേരളത്തില്‍ പുതുതായി പരീക്ഷിക്കുന്ന Cell Broadcast (സെല്‍ ബ്രോഡ്കാസ്റ്റ്) അടിയന്തിര ഘട്ട മുന്നറിയിപ്പ് നല്‍കുന്ന സംവിധാനം സംബന്ധിച്ച പരിശോധനയുടെ ഭാഗമായി ഉള്ള മുന്നറിയിപ്പ് ശബ്ദങ്ങളും, വൈബ്രേഷനും, മുന്നറിയിപ്പ് സന്ദേശങ്ങളും ആണ്. ദേശീയ ദുരന്ത നിവാരണ അതോറിറ്റി, കേന്ദ്ര ടെലികമ്യൂണികേഷന്‍ വകുപ്പ്, സംസ്ഥാന, ജില്ലാ ദുരന്ത നിവാരണ അതോറിറ്റികള്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ പരീക്ഷണം നടത്തുന്നത്.

അലാറം പോലുള്ള ശബ്ദമാകും ഫോണില്‍ വരിക. കൂട്ടത്തോടെ നിരവധി ഫോണുകള്‍ ഒരുമിച്ച്‌ ശബ്ദിക്കും. യഥാര്‍ത്ഥ മുന്നറിയിപ്പല്ലെന്ന ബോധ്യം ഉപഭോക്താക്കള്‍ക്ക് ഉണ്ടാകുന്നതിനായി ‘സാമ്ബിള്‍ ടെസ്റ്റ് മെസേജ്’ എന്ന ലേബല്‍ നല്‍കണമെന്ന് കേന്ദ്ര മന്ത്രാലയം നി‌ര്‍ദേശം നല്‍കിയിട്ടുണ്ട്.