റിവ്യൂവിന് തിയറ്റർ പരിസരത്ത് കയറ്റില്ല'; സിനിമ റിവ്യൂ കേസിൽ ഹൈക്കോടതിക്ക് നന്ദിയുമായി നിർമാതാക്കൾ
'റിവ്യൂവിന് തിയറ്റർ പരിസരത്ത് കയറ്റില്ല'; സിനിമ റിവ്യൂ കേസിൽ ഹൈക്കോടതിക്ക് നന്ദിയുമായി നിർമാതാക്കൾ


കൊച്ചി: റിവ്യൂ എന്ന പേരിൽ തിയറ്റർ പരിസരത്തുനിന്ന് സംസാരിക്കാൻ ആരെയും അനുവദിക്കില്ലെന്ന് സിനിമാ നിർമാതാക്കൾ. ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഫെഫ്ക ജന:സെക്രറ്റിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. ഇത് മാധ്യമപ്രവർത്തനമായി അംഗീകരിക്കാൻ കഴിയില്ല എന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ വിലയിരുത്തി.

സിനിമാ റിവ്യൂ, പെയ്ഡ് പ്രൊമോഷൻ എന്നിവയിലെ ഹൈക്കോടതി പരാമർശത്തിന്റെയും പൊലിസ് രജിസ്റ്റർ ചെയ്ത കേസുകളുടേയും പശ്ചാത്തലത്തിൽ സിനിമാ നിർമാതാക്കളുടെ സംഘടനയുടെയും ഫെഫ്കയുടെയും യോഗം നവംബർ 1ന് നടക്കാനിരിക്കുകയാണ്.


സിനിമ പി.ആർ.ഒമാർക്ക് അടക്കം അക്രഡിറ്റേഷൻ കൊണ്ടുവരാനും ആലോചനയുണ്ട്. യോഗത്തിൽ സമഗ്രമായ അഭിപ്രായ തേടിയ ശേഷം ഇതു സംബന്ധിച്ച അന്തിമ തീരുമാനമെടുക്കും.

തിയേറ്ററിലുള്ള സിനിമയെ മോശമാക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ കഴിഞ്ഞ ദിവസം ആദ്യ കേസ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിരുന്നു. റാഹേൽ മകൻ കോര എന്ന സിനിമയുടെ സംവിധായകൻ ഉബൈനിയുടെ പരാതിയിലാണ് കൊച്ചി സിറ്റി പൊലീസ് കേസെടുത്തത്. സമൂഹമാധ്യമങ്ങളിലൂടെ സിനിമ മോശമാണെന്ന് വരുത്തിതീർക്കാൻ ശ്രമിച്ചെന്ന പരാതിയിൽ 9 പേർക്കെതിരെയാണ് കേസെടുത്തത്.