വന്ദേഭാരതിനായി മറ്റ് ട്രെയിനുകൾ പിടിച്ചിടുന്നു; വലഞ്ഞ് ആയിരക്കണക്കിന് യാത്രക്കാർ

വന്ദേഭാരതിനായി മറ്റ് ട്രെയിനുകൾ പിടിച്ചിടുന്നു; വലഞ്ഞ് ആയിരക്കണക്കിന് യാത്രക്കാർ




തിരുവനന്തപുരം: കേരളത്തിൽ വന്ദേഭാരത് ട്രെയിനുകളുടെ രണ്ട് സർവീസുകൾ തുടങ്ങിയതോടെ മറ്റ് ട്രെയിനുകൾ വൈകുന്നതായി പരാതി. വന്ദേഭാരത് കടന്നുപോകുന്നതിനായി മറ്റ് ട്രെയിനുകൾ ഏറെനേരമാണ് പലയിടങ്ങളിലും പിടിച്ചിടുന്നത്. ഇതുകാരണം ജോലിക്കാർ,​ വിദ്യാർത്ഥികൾ തുടങ്ങി ആയിരക്കണക്കിന് യാത്രക്കാർ ദിവസവും വലയുന്നു.

ഓഫീസിലും സ്കൂളിലും കൃത്യസമയത്തെത്താനാകാതെ ലീവ് കൂടുന്നതായും ആക്ഷേപമുയർന്നു. ദിവസത്തിന്റെ പകുതിയും ട്രെയിനിൽ കഴിച്ചുകൂട്ടേണ്ട സ്ഥിതിയാണെന്ന് വിദ്യാർത്ഥികൾ ഉൾപ്പെടെ പരാതിപ്പെടുന്നു. നിലവിൽ തിരുവനന്തപുരത്തും കാസർകോട്ടും നിന്ന് രാവിലെയും വൈകിട്ടും രണ്ടു ദിശകളിലേക്കും വന്ദേഭാരതുണ്ട്.

സ്ഥിരം യാത്രക്കാർ ആശ്രയിക്കുന്ന ഇന്റർസിറ്റി, വഞ്ചിനാട്, ജയന്തി, മാവേലി, മലബാർ, കന്യാകുമാരി തുടങ്ങിയ ട്രെയിനുകളും വൈകിട്ടുള്ള ഏറനാട്, ജനശതാബ്ദി, വേണാട് എന്നിവയും വൈകിയോടുന്നു.വിഷയത്തിൽ വ്യക്തമായ പരിഹാരം കണ്ടെത്തണമെന്നും യാത്രക്കാർ ആവശ്യപ്പെട്ടു.