ക്ലിഫ് ഹൗസില്‍ കുഞ്ഞുങ്ങള്‍ക്ക് ആദ്യാക്ഷരം പകര്‍ന്ന് മുഖ്യമന്ത്രി

ക്ലിഫ് ഹൗസില്‍ കുഞ്ഞുങ്ങള്‍ക്ക് ആദ്യാക്ഷരം പകര്‍ന്ന് മുഖ്യമന്ത്രി



തിരുവനന്തപുരം: വിദ്യാരംഭത്തോട് അനുബന്ധിച്ച് ക്ലിഫ് ഹൗസില്‍ കുഞ്ഞുങ്ങള്‍ക്ക് ആദ്യാക്ഷരം പകര്‍ന്ന് മുഖ്യമന്ത്രി. ക്ലിഫ് ഹൗസില്‍ വച്ച് മുഖ്യമന്ത്രി അഞ്ച് കുരുന്നുകളെ എഴുത്തിനിരുത്തി.

നിരവധി കുഞ്ഞുങ്ങളാണ് ഈ വിദ്യാരംഭ ദിനത്തില്‍ അറിവിന്റെ ലോകത്തേക്ക് കാലെടുത്തുവെക്കുന്നത്. ഇന്ന് അനന്യ, അദ്വിഷ്, ഹിദ, ഐറീന്‍, ഏണസ്റ്റോ എന്നീ കുഞ്ഞുങ്ങളെ എഴുത്തിനിരുത്തി. പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങള്‍ ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ടതാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.ക്രിയാത്മകമായ സാമൂഹിക പുരോഗതിയില്‍ വലിയ പങ്കുവഹിക്കുന്ന ഒന്നാണ് ആ സമൂഹം ആര്‍ജിച്ചെടുക്കുന്ന അറിവ്. വിദ്യാഭ്യാസമെന്ന സാമൂഹ്യപ്രവര്‍ത്തനത്തിന്റെ പ്രസക്തി ഈ വളര്‍ച്ചയുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു.

പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങള്‍ ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ടതാണ്. ഈ മാറ്റങ്ങളെ കൂടുതല്‍ ജനകീയമാക്കാനും ഇനിയും മെച്ചപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളും സൗകര്യങ്ങളും പഠന സംവിധാനവും എല്ലാവര്‍ക്കുമൊരുക്കാനും നമുക്ക് സാധിക്കണം. ഇതിനായി വിവിധ നടപടികള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നു. അറിവും നൈപുണിയും കൈമുതലായ ഒരു നവകേരളത്തെ വാര്‍ത്തെടുക്കാന്‍ ഈ വിദ്യാരംഭ ദിനം ഊര്‍ജ്ജം പകരട്ടെ. എല്ലാവര്‍ക്കും മഹാനവമി – വിജയദശമി ആശംസകള്‍ മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

തിരുവനന്തപുരം പൗര്‍ണമിക്കാവ് ദേവീക്ഷേത്രത്തില്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. സോമനാഥ് കുരുന്നുകളുടെ നാവില്‍ ആദ്യാക്ഷരം കുറിച്ചു. രാജ് ഭവനില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കുരുന്നുകളെ എഴുത്തിനിരുത്തി. ഓം ഹരി: ശ്രീ ഗണപതയേ നമ:അവിഘ്നമസ്തു എന്ന് ദേവനാഗിരിയിലും ഓം, അ, ആ എന്നിവ മലയാളത്തിലും അറബിയില്‍ എഴുതണമെന്ന് താത്പര്യം പ്രകടിപ്പിച്ച മാതാപിതാക്കളുടെ കുരുന്നുകള്‍ക്ക് അറബിയിലും ഗവര്‍ണര്‍ അക്ഷരം എഴുതിപ്പിച്ചു.