ഇന്ത്യക്കാരായ മുന്‍ നാവികരുടെ വധശിക്ഷക്കെതിരെ ഖത്തർ അമീറിന് മാപ്പപേക്ഷ നല്കിയേക്കും,നിയമസഹായം കേന്ദ്രം നല്‍കും

ഇന്ത്യക്കാരായ മുന്‍ നാവികരുടെ വധശിക്ഷക്കെതിരെ ഖത്തർ അമീറിന് മാപ്പപേക്ഷ നല്കിയേക്കും,നിയമസഹായം കേന്ദ്രം നല്‍കും


ദില്ലി: നാവിക സേന മുൻ ഉദ്യോഗസ്ഥരുടെ വധശിക്ഷയ്ക്കെതിരെ കുടുംബങ്ങൾ ഖത്തർ അമീറിന് മാപ്പപേക്ഷ നല്കിയേക്കും. നാവികരുടെ മോചനത്തിനായി സ്വീകരിക്കേണ്ട നടപടികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് വിലയിരുത്തി. തടവുകാരെ പരസ്പരം കൈമാറാനുള്ള കരാർ പ്രകാരം ഇവരെ മടക്കി അയക്കാനുള്ള നിർദ്ദേശം വയ്ക്കുന്നതും ഇന്ത്യയുടെ പരിഗണനയിലുണ്ട്.

 എട്ടു നാവികസേന ഉദ്യോഗസ്ഥർക്ക് ഖത്തർ കോടതി വധശിക്ഷ നല്കിയ ശേഷമുള്ള സാഹചര്യമാണ് പ്രധാനമന്ത്രി നേരിട്ട് വിലയിരുത്തിയത്. ഇന്ത്യയ്ക്ക് മുന്നിലുള്ള വഴികൾ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും വിദേശകാര്യ ഉദ്യോഗസ്ഥരും വിശദീകരിച്ചു. ഖത്തർ കോടതി വിധിക്കെതിരെ അപ്പീൽ നല്കുക എന്ന വഴിയാണ് ഇന്ത്യ ആദ്യം തേടുന്നത്. അപ്പീൽ കോടതി വധശിക്ഷ ഒഴിവാക്കും എന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. കഴിഞ്ഞ 25 കൊല്ലത്തിൽ രണ്ടു തവണ മാത്രമാണ് ഖത്തർ വധശിക്ഷ നടപ്പാക്കിയിട്ടുള്ളത്. അപ്പീൽ നല്കുന്നതിന്  മുതിർന്ന മുൻ സർക്കാർ അഭിഭാഷകനെ ചുമതലപ്പെടുത്തുന്നത് ഉൾപ്പടെയുള്ള സഹായം ഇന്ത്യ നല്കും. ചില നാവികരുടെ കുടുംബങ്ങൾ നിലവിൽ ഖത്തറിലുണ്ട്. ഇവരുമായി ഖത്തറിലെ ഇന്ത്യൻ അംബാസഡർ ദീപക് മിത്തൽ സംസാരിച്ചു. ഖത്തർ അമീറിന് കുടുംബങ്ങൾ മാപ്പപേക്ഷ നല്കുന്ന കാര്യം ആലോചിക്കുന്നുണ്ട്. സാധാരണ റംസാൻ സമയത്ത് അമീർ ഇത്തരം അപേക്ഷകൾ പരിഗണിക്കാറുണ്ട്. കോടതികൾ ശിക്ഷിച്ചാലും ഇത് ഒഴിവാക്കാനുള്ള അധികാരം അമീറിനുണ്ട്. അതിനാൽ പ്രധാനമന്ത്രിയുടെ തലത്തിൽ  ചർച്ച നടന്നാൽ വിഷയം പരിഹരിക്കാനാവും എന്ന പ്രതീക്ഷയുമുണ്ട്.

ഖത്തർ ഒരു തരത്തിലും വഴങ്ങുന്നില്ലെങ്കിലേ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ പോകുന്നത് പോലുള്ള നടപടികൾ ഇന്ത്യ സ്വീകരിക്കൂ. ഇന്ത്യയ്ക്കും ഖത്തറിനുമിടയിൽ തടവുകാരെ പരസ്പരം കൈമാറാനുള്ള കരാറുണ്ട്. വധശിക്ഷ ഒഴിവാക്കി തടവുശിക്ഷ മാത്രമാക്കിയാൽ നാവികരെ ഇന്ത്യയിലേക്ക് കൊണ്ടു വരാനുള്ള നീക്കങ്ങൾക്ക് സാധ്യത തെളിയും. ഇസ്രയേലിന് വിവരങ്ങൾ ചോർത്തിയതാണ് ഖത്തർ ആരോപിക്കുന്ന കുറ്റമെന്ന് വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇസ്രയേൽ പലസ്തീൻ സംഘർഷം നടക്കുന്ന സമയത്തുള്ള ഈ വധശിക്ഷ അതിനാൽ ഇന്ത്യയ്ക്ക് കാര്യങ്ങൾ സങ്കീർണ്ണമാക്കുകയാണ്