
കൊച്ചി: കളമശേരി സ്ഫോടന പരമ്പര നടത്തിയയാൾ ഉപയോഗിച്ചെന്ന് സംശയിക്കുന്ന നീലക്കാറിനെക്കുറിച്ച് പോലീസ് അന്വേഷണം. പ്രാർഥനാ യോഗം നടക്കുന്ന കൺവെൻഷൻ സെന്ററിലേക്ക് ഈ കാറിലാണ് അക്രമി എത്തിയതെന്ന് പോലീസ് സംശയിക്കുന്നു. സംഭവം നടന്ന ശേഷം പോലീസിന് കിട്ടിയ നിർണായക വിവരമാണ് ഈ കാർ. എന്നാൽ, ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. സ്ഫോടനം നടക്കുന്നതിന് തൊട്ടുമുമ്പ് ഈ കാർ കൺവെൻഷൻ സെന്ററിൽ നിന്നും പുറത്തേക്ക് പോയി. ഇതാണ് സംശയം ജനിപ്പിക്കാൻ പ്രധാന കാരണം.
കളമശേരിയിൽ നടന്നത് ഐഇഡി ഉപയോഗിച്ചുള്ള സ്ഫോടനമാണെന്ന് ഡിജിപി സ്ഥിരീകരിച്ചിരുന്നു. ടിഫിൻ ബോക്സിലാണ് സ്ഫോടക വസ്തു വെച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവം മുതിർന്ന ഉദ്യോഗസ്ഥർ അന്വേഷിക്കുകയാണെന്നും പ്രത്യക സംഘത്തിന് രൂപം നൽകുമെന്നും അദ്ദേഹം പറഞ്ഞു. കുറ്റക്കാരെ കണ്ടെത്തുമെന്നും കർശന നടപടിയെടുക്കുമെന്നും ഡിജിപി അറിയിച്ചു. ഭീരാക്രമണ സാധ്യത ഈ ഘട്ടത്തിൽ പറയാനാകില്ല. അന്വേഷണത്തിന് ശേഷം മാത്രമേ പറയാനാകൂ. ഇന്റലിജൻസ് വിവരം ഉണ്ടായിരുന്നില്ല. കേന്ദ്ര ഏജൻസികളോട് സംസാരിച്ചിട്ടില്ലെന്നും ഡിജിപി കൂട്ടിച്ചേർത്തു. ആഭ്യന്തര മന്ത്രാലയവുമായി സംസാരിച്ചിട്ടില്ല. 36 പേർ ചികിത്സയിൽ ഉണ്ടെന്ന് ഡിജിപി വ്യക്തമാക്കി.