കനത്തനാശം വിതച്ച വ്യോമാക്രമണങ്ങള്‍ക്ക് പിന്നാലെ ഗാസയില്‍ ഇസ്രായേല്‍ കരയുദ്ധം തുടങ്ങിയതായി ഹമാസ്. തങ്ങളുടെ മേഖലയില്‍ ഇസ്രായേല്‍ സൈന്യവുമായി മുഖാമുഖം ഏറ്റുമുട്ടല്‍ നടക്കുന്നതായും ആശുപത്രിയ്ക്കും അഭയാര്‍ത്ഥി ക്യാമ്പിനും സമീപം ഇസ്രായേല്‍ ബോംബാക്രമണം നടത്തിയെന്നും ഹമാസ് ആരോപിച്ചു. ഗാസയിലെ വാര്‍ത്താവിനിമയ ഇന്റര്‍നെറ്റ് ബന്ധം വിഛേദിച്ചതായും ഹമാസ് പറഞ്ഞു.
ഇസ്രായേല്‍ ഗാസയില്‍ അതിരൂക്ഷമായ ബോംബാക്രമണം അഴിച്ചുവിട്ടു. ഒരു ആശുപത്രിക്കുള്ളില്‍ നിന്നാണ് ഹമാസ് പ്രവര്‍ത്തിക്കുന്നതെന്നാണ് ഇസ്രായേല്‍ ആരോപണം. വ്യോമാക്രമണങ്ങള്‍ക്ക് പിന്നാലെ ഗ്രൗണ്ട് ഓപ്പറേഷനും തുടങ്ങുന്നതായി ഇസ്രായേല്‍ സൈനികവക്താവ് ദാനിയേല്‍ ഹാഗരി വ്യക്തമാക്കി. ഇസ്രായേല്‍ ടാങ്കുകള്‍ ഗാസയില്‍ പ്രവേശിച്ചു. അതേശക്തിയില്‍ തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഹമാസ്.
യുദ്ധത്തില്‍ മരണമടഞ്ഞവരുടെ എണ്ണം 9000 ലേക്ക് കടക്കുകയാണ്. ഇസ്രായേലില്‍ 1,400 പേര്‍ കൊല്ലപ്പെട്ടപ്പോള്‍ ഗാസാ മുനമ്പില്‍ 7,326 പേര്‍ കൊല്ലപ്പെട്ടതായിട്ടാണ് ഹമാസ് ആരോഗ്യമന്ത്രാലം പറയുന്നത്. കൊല്ലപ്പെട്ടവര്‍ സാധാരണക്കാരും കൂടുതലും കുട്ടികളുമാണെന്നും ഹമാസ് ആരോപിക്കുന്നു. ഗാസയില്‍ അടിയന്തിര വെടിനിര്‍ത്തലിനുള്ള പ്രമേയം യുഎന്‍ ജനറല്‍ അസംബ്ലിയില്‍ അവതരിപ്പിക്കപ്പെട്ടു.
ഹമാസ് വെടിനിര്‍ത്തലിനെ സ്വാഗതം ചെയ്തു, എന്നാല്‍ ഹമാസിനെ പരാമര്‍ശിക്കുന്നതില്‍ പരാജയപ്പെട്ടതിന് ഇസ്രായേലും യുഎസും നോണ്‍-ബൈന്‍ഡിംഗ് പ്രമേയത്തെ വിമര്‍ശിച്ചു. യുഎന്‍ അംഗങ്ങളില്‍ നിന്ന് അനുകൂലമായി 120 വോട്ടുകളും എതിര്‍ത്ത് 14 വോട്ടുകളും ഉണ്ടായി. ഇന്ത്യ ഉള്‍പ്പെടെ 45 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു. ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും വൈദ്യുതിയുടെയും അഭാവം മൂലം ഗാസ മനുഷ്യര്‍ കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നുവെന്ന് യുഎന്‍ മേധാവി ഇന്ന് മുന്നറിയിപ്പ് നല്‍കി.
''മാനുഷികമായ വെടിനിര്‍ത്തല്‍, എല്ലാ ബന്ദികളെ നിരുപാധികം മോചിപ്പിക്കുക, ജീവന്‍രക്ഷാ സാമഗ്രികള്‍ വിതരണം ചെയ്യുക എന്നിവയ്ക്കുള്ള എന്റെ ആഹ്വാനം ഞാന്‍ ആവര്‍ത്തിക്കുന്നു,'' യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പ്രസ്താവനയില്‍ പറഞ്ഞു