കേരളത്തിലേക്ക് വീണ്ടും വന്ദേഭാരത് വരുന്നു; എറണാകുളം- ചെന്നൈ- ബെംഗളൂരു നഗരങ്ങളെ ബന്ധിപ്പിച്ച് പുതിയ സർവീസ്

കേരളത്തിലേക്ക് വീണ്ടും വന്ദേഭാരത് വരുന്നു; എറണാകുളം- ചെന്നൈ- ബെംഗളൂരു നഗരങ്ങളെ ബന്ധിപ്പിച്ച് പുതിയ സർവീസ്വാരാന്ത്യങ്ങളിലെ യാത്രക്കാരുടെ തിരക്ക് കുറയ്ക്കാൻ കേരളം, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് വന്ദേഭാരത് സര്‍വീസ് ആരംഭിക്കുന്നു. ചെന്നൈയില്‍ നിന്ന് ബെംഗളൂരുവിലേക്കും ബംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്കുമായുള്ള വന്ദേഭാരത് സര്‍വീസ് ശൃംഖലയാണ് ആരംഭിക്കുന്നത്.

മൂന്ന് സംസ്ഥാനങ്ങളിലെയും പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് എട്ട് സര്‍വീസുകള്‍ നടത്താനായാണ് ദക്ഷിണ റെയില്‍വേ തയാറെടുക്കുന്നത്. ചെന്നൈ- ബെംഗളൂരു, ബെംഗളൂരു- എറണാകുളം സൗത്ത് എന്നിങ്ങനെ ആകെ എട്ട് സര്‍വീസുകള്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

വൈകിട്ട് ചെന്നൈ സെന്ററില്‍ നിന്ന് പുറപ്പെട്ട് രാവിലെ നാലുമണിയോടെ ബെംഗളൂരുവിലെത്തും. തുടര്‍ന്ന് നാലരയ്ക്ക് അവിടുന്ന് പുറപ്പെട്ട് എറണാകുളത്ത് ഉച്ചയ്ക്ക് ഒന്നരയോടെ എത്തും. തിരിച്ചും ഈ വിധത്തില്‍ സര്‍വീസ് നടത്തുന്ന രീതിയിലാണ് ക്രമീകരണം. നിലവിൽ കേരളത്തിൽ രണ്ട് വന്ദേഭാരത് സർവീസുകളാണുള്ളത്.

അതേസമയം വന്ദേഭാരതിനായി മറ്റു ട്രെയിനുകൾ പിടിച്ചിടുന്നതിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. അതിനിടെയാണ് പുതിയ വണ്ടിയെത്തുന്നത്. വന്ദേഭാരതിന് വേണ്ടി മലബാറിൽ മറ്റു ട്രെയിനുകൾ പിടിച്ചിടുന്നതിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടിരുന്നു. വന്ദേഭാരതിന് വേണ്ടി മറ്റു ട്രെയിനുകൾ പിടിച്ചിടുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് കമ്മീഷൻ പറഞ്ഞിരുന്നു.