അറിയാതെ എടുത്ത് പോയതാണ്, മോഷണശേഷം മാനസാന്തരം; മാല വിറ്റ തുകയും ക്ഷമാപണം നടത്തി ഒരു കത്തും തിരികെയേൽപ്പിച്ച് മോഷ്ടാവ്

അറിയാതെ എടുത്ത് പോയതാണ്, മോഷണശേഷം മാനസാന്തരം; മാല വിറ്റ തുകയും ക്ഷമാപണം നടത്തി ഒരു കത്തും തിരികെയേൽപ്പിച്ച് മോഷ്ടാവ്

മോഷണശേഷം മാനസാന്തരമുണ്ടായ മോഷ്ടാവ് മോഷണമുതൽ വിറ്റുകിട്ടിയ പണം തിരികെയേൽപ്പിച്ചു. വീട്ടുകാരെയും നാട്ടുകാരെയുമെല്ലാം കൗതുകത്തിലാക്കിയ ഈ സംഭവമുണ്ടായത് കോട്ടയം കുമാരനല്ലൂരിലാണ്. എജെബി സ്കൂളിന് സമീപമുള്ള വീട്ടിൽ താമസിക്കുന്ന മൂന്ന് വയസ്സുകാരി ഹവ്വയുടെ ഒന്നേകാൽ പവന്റെ മാല ഇക്കഴിഞ്ഞ 19 നു നഷ്ടപ്പെട്ടിരുന്നു. കുട്ടിയെ കുളിപ്പിക്കുമ്പോഴും വസ്ത്രം മാറ്റുമ്പോഴുമെല്ലാം മാല കഴുത്തിലുണ്ടായിരുന്നതായി വീട്ടുകാർ പറഞ്ഞു. പിന്നീടാണ് മാല കാണാതായത്.

റോഡിനോട് ചേർന്നാണ് ഇവരുടെ വീട്. മാല നഷ്ടപ്പെട്ടതറിഞ്ഞതുമുതൽ ഇവർ തെരച്ചിൽ ആരംഭിച്ചിരുന്നു. ഇതിനിടെയാണ് മാല നഷ്ടപ്പെട്ട് രണ്ട് ദിവസത്തിനകം 52,500 രൂപയും ക്ഷമാപണമടങ്ങിയ ഒരു കുറിപ്പും വീടിന്റെ പിൻവശത്തെ വർക്ക് ഏരിയയിൽ നിന്ന് ലഭിച്ചത്. മാല എടുത്ത് വിറ്റുവെന്നും, തിരയുന്നതുകണ്ടപ്പോൾ വിഷമമുണ്ടായെന്നും അതിനാൽ മാല വിറ്റ് കിട്ടിയ തുക തിരികെ നൽകുന്നുവെന്നും, മനസ്സറിഞ്ഞ് ക്ഷമിക്കണമെന്നും കത്തിൽ പറയുന്നു. മാല തിരികെ ലഭിച്ചില്ലെങ്കിലും മാലയുടെ തുക ലഭിച്ചതിന്റെ ആശ്വാസത്തിലാണ്‌ കുടുംബം.