ഉത്സവ സീസണ്‍ കഴിഞ്ഞതോടെ ഉള്ളിയുടെയും സവാളയുടെയും വില കുതിയ്ക്കുന്നു

ഉത്സവ സീസണ്‍ കഴിഞ്ഞതോടെ ഉള്ളിയുടെയും സവാളയുടെയും വില കുതിയ്ക്കുന്നു


ന്യൂഡല്‍ഹി: നവരാത്രി ആഘോഷം കഴിഞ്ഞതോടെ രാജ്യത്ത് ഉള്ളിയുടെയും സവാളയുടെയും വില കുതിക്കുന്നു. ദീപാവലി അടുത്തെത്തിയതും വിലക്കയറ്റത്തിന് കാരണമായി. രാജ്യത്തെ പല നഗരങ്ങളിലും സവാളയ്ക്ക് വില കിലോയ്ക്ക് 80 രൂപ വരെയാണ്. നവരാത്രിക്ക് മുമ്പ് വില 20 രൂപ മുതല്‍ 40 രൂപ വരെയായിരുന്നു.

ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ ദിവസം 70 രൂപയ്ക്ക് മുകളിലായിരുന്നു ഒരു കിലോ ഉള്ളിയ്ക്ക് വില. വരും ദിവസങ്ങളില്‍ വില നൂറ് രൂപയിലെത്തുമെന്ന് കച്ചവടക്കാര്‍ തന്നെ പറയുന്നു. ലഭിക്കുന്നതാവട്ടെ ഗുണനിലവാരം കുറഞ്ഞതും. വരുന്ന ഡിസംബര്‍ മാസം വരെ വില കൂടിക്കൊണ്ടിരിക്കുമെന്നാണ് വിപണിയില്‍ നിന്ന് ലഭിക്കുന്ന സൂചനകള്‍. ഇന്നലെ 70 രൂപയും, തൊട്ട് മുന്നിലത്തെ ദിവസം 60 രൂപയും, അതിനും ഒരു ദിവസം മുമ്പ് 40 രൂപയുമായിരുന്നുവെന്ന് കച്ചവടക്കാര്‍ പറഞ്ഞു. ഒരാഴ്ച മുമ്പ് വരെ പരമാവധി 40 രൂപ ആയിരുന്നു ഉള്ളിയുടെ വില. വിപണിയിലെ ലഭ്യതക്കുറവാണ് വിലക്കയറ്റത്തിലേക്ക് നയിക്കുന്നതെന്നാണ് കച്ചവടക്കാരുടെ വിലയിരുത്തല്‍.

Read also: ഉത്സവ സീസണില്‍ കച്ചവടം പൊടിപൊടിക്കുമോ? ഇന്ത്യൻ വിപണിയെ കാത്തിരിക്കുന്നതെന്ത്

രാജ്യ തലസ്ഥാനത്തിന് പുറമെ മറ്റ് സംസ്ഥാനങ്ങളിലും വില വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. മഹാരാഷ്ട്രയും ബംഗളുരുവും ഉള്‍പ്പെടെയുള്ള സംസ്ഥാനത്തങ്ങളില്‍ 65 മുതല്‍ 70 വരെയായിരുന്നു ഇന്നലത്തെ വിലയെന്ന് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പറയുന്നു. വില വര്‍ദ്ധിക്കുന്ന സംസ്ഥാനങ്ങളില്‍ ബഫര്‍ സ്റ്റോക്കില്‍ നിന്ന് ചില്ലറ - മൊത്ത വിപണികളില്‍ ഉള്ളി എത്തിക്കുമെന്ന് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഓഗസ്റ്റ് പകുതി മുതല്‍ ഏതാണ്ട് 1.7 ലക്ഷം ടണ്‍ ബഫര്‍ സ്റ്റോക്ക് വിവിധ സംസ്ഥാനങ്ങളിലെ പല സ്ഥലങ്ങളിലായി എത്തിച്ചിരുന്നു. വില വര്‍ദ്ധനവ് നിരീക്ഷിച്ച് ഇത് കൂടുതല്‍ വര്‍ദ്ധിപ്പിക്കുമെന്നും ഉപഭോക്താക്കള്‍ക്ക് ആശ്വാസം പകരുന്ന നടപടികള്‍ ഉണ്ടാവുമെന്നുമാണ് ഉപഭോക്തൃകാര്യ മന്ത്രാലയം സെക്രട്ടറി രോഹിത് കുമാര്‍ സിങ് വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചത്.