രക്ഷിതാക്കള്‍ക്കുമുന്നില്‍ യുവതിയെ കുത്തിക്കൊന്ന്‌ ഭര്‍ത്താവ്‌ കഴുത്തറുത്തു മരിച്ചു

രക്ഷിതാക്കള്‍ക്കുമുന്നില്‍ യുവതിയെ കുത്തിക്കൊന്ന്‌ ഭര്‍ത്താവ്‌ കഴുത്തറുത്തു മരിച്ചുതിരുവല്ല/കുന്നന്താനം : മാതാപിതാക്കളുടെ കണ്‍മുന്നില്‍ യുവതിയെ കുത്തിക്കൊന്നു ഭര്‍ത്താവ്‌ കഴുത്തുമുറിച്ചു ജീവനൊടുക്കി. കുന്നന്താനം മുക്കൂര്‍ വടശേരിയില്‍ വേണുക്കുട്ടന്‍ നായര്‍ (45), ഭാര്യ ശ്രീജ ജി. മേനോന്‍ (38) എന്നിവരാണു മരിച്ചത്‌.
ഇന്നലെ രാവിലെ എട്ടിനു ശ്രീജയുടെ വീടായ മുക്കൂര്‍ സ്‌മിതാഭവനിലാണു സംഭവം. കുടുംബപ്രശ്‌നങ്ങളെത്തുടര്‍ന്ന്‌ ഒരു വര്‍ഷത്തോളമായി ദമ്പതികള്‍ രണ്ടു വീടുകളിലായി പിണങ്ങിക്കഴിയുകയായിരുന്നു. ഏഴേമുക്കാലോടെ ഏകമകളെ കാണാന്‍ ബിസ്‌കറ്റ്‌ പൊതിയുമായി ഭാര്യവീട്ടിലെത്തിയ വേണുക്കുട്ടന്‍ വീടിന്റെ പിന്‍ഭാഗത്തുവച്ച്‌ ശ്രീജയുമായി വഴക്കുകൂടി. തുടര്‍ന്ന്‌ കൈയില്‍ കരുതിയിരുന്ന കത്തിയുപയോഗിച്ച്‌ ശ്രീജയെ മാതാപിതാക്കളുടെ കണ്‍മുന്നില്‍ പലവട്ടം കുത്തി. പിന്നീട്‌ സ്വയം വയറ്റില്‍ കുത്തിയശേഷം കഴുത്തറക്കുകയായിരുന്നു. മല്ലപ്പള്ളി താലൂക്ക്‌ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയാണ്‌ വേണു മരിച്ചത്‌. ശ്രീജയെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ്‌ ആശുപത്രിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. വിദേശത്ത്‌ ജോലി ചെയ്‌തിരുന്ന തന്റെ സമ്പാദ്യം ഭാര്യ ധൂര്‍ത്തടിച്ചെന്ന പരാതി വേണുവിനുണ്ടായിരുന്നു.
സ്വകാര്യ പണമിടപാട്‌ സ്‌ഥാപനത്തിലെ ജീവനക്കാരിയാണ്‌ ശ്രീജ. കുടുംബപ്രശ്‌നങ്ങള്‍ മൂലം ഏക മകളുമൊത്ത്‌ ശ്രീജ കുടുംബവീട്ടിലേക്ക്‌ താമസം മാറിയിരുന്നു. ഇവരുടെ വീടുകള്‍ തമ്മില്‍ മൂന്നു കിലോമീറ്റര്‍ അകലമാണുള്ളത്‌. ഇടയ്‌ക്കിടെ മകളെ കാണാന്‍ വേണു വരാറുണ്ടായിരുന്നു. അതിനാല്‍ ഇന്നലത്തെ വരവിലും ആര്‍ക്കും സംശയം തോന്നിയില്ല.

ഏകമകള്‍ പവിത്ര ചെങ്ങരൂര്‍ കോണ്‍വെന്റ്‌ സ്‌കൂള്‍ ആറാംക്ലാസ്‌ വിദ്യാര്‍ഥിനിയാണ്‌. കീഴ്‌വായ്‌പൂര്‌ പോലീസ്‌ എത്തി മേല്‍നടപടി സ്വീകരിച്ചശേഷം വേണുക്കുട്ടന്‍ നായരുടെ മൃതദേഹം മല്ലപ്പള്ളി താലൂക്ക്‌ ആശുപത്രിയിലേക്കു മാറ്റി. തിരുവല്ല ഡിവൈ.എസ്‌.പി: എസ്‌. അഷാദ്‌, കീഴ്‌വായ്‌പൂര്‌ പോലീസ്‌ ഇന്‍സ്‌പെക്‌ടര്‍ വിപിന്‍ ഗോപിനാഥ്‌, എസ്‌.ഐ: ആദര്‍ശ്‌ എന്നിവരും സ്‌ഥലത്തെത്തിയിരുന്നു.