
ചെന്നൈ: മാതാപിതാക്കള്‍ നിര്‍ബന്ധിച്ച് നടത്താന്‍ ശ്രമിച്ച വിവാഹം താലികെട്ടിന് തൊട്ടുമുമ്പ് പോലീസ് സഹായത്തോടെ മുടക്കി പത്തൊന്‍പതുകാരി. തിരുവള്ളൂര്‍ ജില്ലയിലെ ഊത്തുക്കോട്ട സ്വദേശിനിയാണ് ക്ഷണിക്കപ്പെട്ട അതിഥികള്‍ നോക്കിനില്‍ക്കെ പോലീസ് കണ്‍ട്രോള്‍ റൂമില്‍ രഹസ്യമായി വിളിച്ച് സഹായം അഭ്യര്‍ഥിച്ചത്.
തിരുവള്ളൂര്‍ മീഞ്ചൂര്‍ സ്വദേശിയായ യുവാവുമായി തിങ്കളാഴ്ചയായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. ഞായറാഴ്ച രാത്രി ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി വിവാഹസത്കാരവും തടസ്സങ്ങളില്ലാതെ നടന്നിരുന്നു. എന്നാല്‍ തിങ്കളാഴ്ച പുലര്‍ച്ചെ ചടങ്ങുകള്‍ക്കായി ഒരുങ്ങാന്‍ മാതാപിതാക്കള്‍ ആവശ്യപ്പെട്ടതോടെയാണ് യുവതി എതിര്‍പ്പ് പ്രകടിപ്പിച്ചത്. താലികെട്ടാന്‍ താല്പര്യമില്ലെന്ന് വ്യക്തമാക്കിയതോടെ മാതാപിതാക്കളുമായി തര്‍ക്കമുണ്ടാവുകയും, തുടര്‍ന്ന് യുവതി നേരിട്ട് പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച് പരാതിപ്പെടുകയുമായിരുന്നു.
വിവരമറിഞ്ഞ് മീഞ്ചൂര്‍ പോലീസും പൊന്നേരി വനിതാ പോലീസും ഉടന്‍തന്നെ സംഭവസ്ഥലത്തെത്തി. പോലീസിനോടും വിവാഹത്തിന് സമ്മതമല്ലെന്ന് യുവതി ആവര്‍ത്തിച്ചെങ്കിലും വിസമ്മതത്തിനുള്ള കൃത്യമായ കാരണം വെളിപ്പെടുത്തിയില്ല.
ഇതോടെ ചടങ്ങുകള്‍ ഉപേക്ഷിച്ച് മാതാപിതാക്കളും ബന്ധുക്കളും അതിഥികളും മണ്ഡപത്തില്‍നിന്ന് മടങ്ങി. തനിച്ചായ യുവതിയെ പോലീസ് ചോളാവരത്തിനടുത്തുള്ള ആലമതി ഗ്രാമത്തിലെ വനിതാ അഭയകേന്ദ്രത്തിലേക്ക് സുരക്ഷിതമായി മാറ്റി. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
