ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് വിമാന യാത്ര ചെയ്യുമ്പോൾ കൊണ്ടുവരാവുന്ന സാധനങ്ങളുടെ പട്ടിക അധികൃതർ പുറത്തുവിട്ടു. ബിസിനസ്, ടൂറിസം, തൊഴിൽ ആവശ്യങ്ങൾക്കായി ധാരാളം ഇന്ത്യക്കാർ ഗൾഫിലേക്ക് യാത്ര ചെയ്യുന്നതിനാൽ ഇന്ത്യ-യുഎഇ എയർ കോറിഡോർ ഏറ്റവും തിരക്കേറിയ റൂട്ടുകളിൽ ഒന്നാണെന്നതിനാലും ഉത്സവകാലം അടുത്തുവരുന്നതിനാൽ സന്ദർശകരുടെ ഒഴുക്ക് ഗണ്യമായി വർധിക്കാനിടയുള്ളതിനാലുമാണ് ഇത്തരമൊരു നടപടി. ആഭ്യന്തര, രാജ്യാന്തര യാത്രക്കാർ നിരോധിക്കപ്പെട്ട സാധനങ്ങൾ കൊണ്ടുപോകുന്നതിനാൽ മുംബൈ രാജ്യാന്തര വിമാനത്താവളത്തിൽ ചെക്ക്-ഇൻ ബാഗേജ് നിരസിക്കുന്നത് വർധിച്ചിട്ടുണ്ട്.
ചെക്ക്-ഇൻ ബാഗേജിൽ പതിവായി കാണപ്പെടുന്ന നിരോധിത ഇനങ്ങളിൽ ചിലത് ഉണങ്ങിയ തേങ്ങ (കൊപ്ര), പടക്കം, തീപ്പെട്ടി, പെയിന്റ്, കർപ്പൂരം, നെയ്യ്, അച്ചാറുകൾ, മറ്റ് എണ്ണമയമുള്ള ഭക്ഷണ പദാർഥങ്ങൾ എന്നിവയാണ്. കൂടുതൽ കണ്ടുവരുന്ന മറ്റ് ചില ഇനങ്ങളിൽ ഇ-സിഗരറ്റുകൾ, ലൈറ്ററുകൾ, പവർ ബാങ്കുകൾ, സ്പ്രേ ബോട്ടിലുകൾ എന്നിവ ഉൾപ്പെടുന്നു. പല യാത്രക്കാരും ഇതേക്കുറിച്ച് അറിയാതെയാണ് ഇത്തരം ഇനങ്ങളെല്ലാം കൊണ്ടുവരുന്നത്. ഇത് അപകടസാധ്യത സൃഷ്ടിക്കുന്നു. സ്ഫോടനത്തിന് സാധ്യത ഉള്ളതിനാൽ ഈ ഇനങ്ങൾ അപകടങ്ങളുടെ തീവ്രത വർധിപ്പിക്കുന്നു.