സ്‌കൂട്ടറില്‍ എംഡിഎംഎ ഒളിപ്പിക്കാന്‍ പുതിയ വഴി; പിടികൂടി പൊലീസ്

സ്‌കൂട്ടറില്‍ എംഡിഎംഎ ഒളിപ്പിക്കാന്‍ പുതിയ വഴി; പിടികൂടി പൊലീസ് 


കോഴിക്കോട്: വില്‍പ്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവും എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. കല്ലാച്ചി വിഷ്ണുമംഗലം സ്വദേശി വണ്ണത്താം വീട്ടില്‍ വിഷ്ണു (21) ആണ് അറസ്റ്റിലായത്. പ്രതിയില്‍ നിന്ന് എംഡിഎംഎയും 10.55 ഗ്രാം കഞ്ചാവും കണ്ടെടുത്തു. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിഷ്ണുവിനെ പിടികൂടിയത്. സ്‌കൂട്ടറിന്റെ സിറ്റിനടിയില്‍ പോളിത്തീന്‍ കവറുകളില്‍ സൂക്ഷിച്ച നിലയിലായിരുന്നു ലഹരിമരുന്ന് ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. 

സംഗീത് സജിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം

പത്തനംതിട്ട: വടശ്ശേരിക്കരയിലെ 23കാരന്‍ സംഗീത് സജിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. മകന്റേത് മുങ്ങിമരണമല്ലെന്നും ആരോ അപായപ്പെടുത്തിയതാണെന്നുമാണ് അമ്മയുടെ ആരോപണം. ഒക്ടോബര്‍ ഒന്നിന് രാത്രിയാണ് സുഹൃത്തിനൊപ്പം പോയ സംഗീത് സജിയെ കാണാതായത്. 17 ദിവസങ്ങള്‍ക്കിപ്പുറം കിലോമീറ്ററുകള്‍ അകലെയുള്ള ആറന്മുള സത്രക്കടവിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കിട്ടുമ്പോള്‍ കൈകാലുകള്‍ക്ക് ഒടിവ് ഉണ്ടായിരുന്നു. വെള്ളത്തില്‍ തലയടിച്ചു വീണ പരിക്കുകളില്ല. മുഖത്തും നെറ്റിയിലുമായിരുന്നു മുറിവുകള്‍. ഇതെല്ലാം സംശയങ്ങളായി കുടുംബം ഉന്നയിക്കുന്നു. സംഗീതിനെ വിളിച്ചുകൊണ്ടുപോയ പ്രദീപിനെ ഇതുവരെ പൊലീസ് വിശദമായി ചോദ്യംചെയ്തിട്ടില്ലെന്നാണ് അമ്മ പറയുന്നത്.

എന്നാല്‍ ഓട്ടോറിക്ഷയില്‍ തനിക്കൊപ്പം വന്ന സംഗീതിനെ ഇടത്തറ ജംഗ്ഷനില്‍ വച്ച് കാണാതായെന്നും മറ്റൊന്നും അറിയില്ലെന്നുമാണ് പ്രദീപ് പൊലീസിനോട് ആവര്‍ത്തിക്കുന്നത്. ആരോ വെള്ളത്തില്‍ വീഴുന്ന ശബ്ദം കേട്ടെന്ന് കട ഉടമയും പറയുന്നുണ്ട്. സംഗീതിന്റേത് മുങ്ങിമരണമെന്നാണ് പൊലീസിന്റെ ഇപ്പോഴത്തെ നിഗമനം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷം മരണ കാരണം സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരും. ആന്തരിക അവയവങ്ങളുടെ പരിശോധനാ ഫലവും കേസിലെ ദുരൂഹത നീക്കുമെന്ന് പൊലീസ് അറിയിച്ചു.