കളമശേരി സ്‌ഫോടനം: സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റിട്ട രാജീവ് ചന്ദ്രശേഖറിനെതിരെ കേസ്

കളമശേരി സ്‌ഫോടനം: സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റിട്ട രാജീവ് ചന്ദ്രശേഖറിനെതിരെ കേസ്കൊച്ചി: കളമശേരി സ്‌ഫോടനത്തിന് പിന്നാലെ സമൂഹ മാധ്യമത്തില്‍ വിദ്വേഷ പോസ്റ്റിട്ടുവെന്ന പരാതിയില്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസ്. കൊച്ചി പോലീസ് ആണ് കേസെടുത്തിരിക്കുന്നത്. സമൂഹ മാധ്യമങ്ങളില്‍ വിദ്വേഷ പ്രചാരണം നടത്തിയതിനെതിരെയാണ് കേസ്. സ്‌ഫോടനത്തിന് പിന്നാലെ കേന്ദ്രമന്ത്രി X പ്ലാറ്റ്‌ഫോമില്‍ നടത്തിയ പരാമര്‍ശമാണ് കേസിന് ആധാരം. ഐപിസി 153, 153 എ, കേരള പോലീസ് ആക്ട് വകുപ്പുകള്‍ പ്രകാരമാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് കേസ്.

സ്‌ഫോടനത്തിന് പിന്നാലെ നടത്തിയ പത്രസമ്മേളനത്തില്‍ രാജീവ് ചന്ദ്രശേഖറിനെ വര്‍ഗീയ വിഷം ചീറ്റുന്നയാള്‍ എന്ന് വിളിച്ച മുഖ്യമന്ത്രി ഇന്നലെ നടത്തിയ പത്രസമ്മേളനത്തില്‍ കൊടും വിഷം ചീറ്റുന്നയാള്‍ എന്നാണ് വിളിച്ചത്.

കളമശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രചാരണത്തിന് 118 പേര്‍ക്കെതിരെ ഇതുവരെ കേസ് എടുത്തിട്ടുണ്ട്. അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്ന സൂചനയാണ് പോലീസ് നല്‍കുന്നത്.

അതേസമയം, മതതീവ്രവാദികളെ സന്തോഷിപ്പിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ മാധ്യമങ്ങളിലുടെ പ്രതികരിച്ചു. മലപ്പുറത്ത് പലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ ഹമാസ് നേതാവിനെ സംസാരിക്കാന്‍ അനുവദിക്കുകയും ചെയ്തിരുന്നു. അതിനെതിരെ സംസാരിച്ചവര്‍ക്കെതിരെ കേസെടുത്ത് ഹമാസിനെ സന്തോഷിപ്പിക്കാനാണ് ശ്രമം. വളരെ ആസൂത്രിതമായി നടത്തുന്ന നീക്കമാണ്. സംസ്ഥാനത്ത് വിധ്വംസക പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് ചുവപ്പ് പരവതാനി വിരിക്കുകയും ബിജെപി നേതാക്കളെ കേസില്‍ പെടുത്താന്‍ ശ്രമിക്കുകയുമാണെന്നും അദ്ദേഹം പറഞ്ഞു.