തമിഴ്‌ ബാലികയെ ദത്തെടുത്ത്‌ പീഡിപ്പിച്ചു: പ്രതിക്ക്‌ 109 വര്‍ഷം കഠിനതടവും പിഴയും

തമിഴ്‌ ബാലികയെ ദത്തെടുത്ത്‌ പീഡിപ്പിച്ചു: പ്രതിക്ക്‌ 109 വര്‍ഷം കഠിനതടവും പിഴയുംഅടൂര്‍: തമിഴ്‌ബാലികയെ ദത്തെടുത്ത്‌ വീട്ടിലാക്കിയ ശേഷം ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ പ്രതിക്ക്‌ പോക്‌സോ കോടതി 109 വര്‍ഷം കഠിന തടവും 6.25 ലക്ഷം പിഴയും വിധിച്ചു. പന്തളം കുരമ്പാല പൂഴിക്കാട്‌ ചിന്നക്കടമുക്ക്‌ നെല്ലിക്കോമത്ത്‌ തെക്കേതില്‍ അനിയനെന്നു വിളിക്കുന്ന തോമസ്‌ സാമുവലി(63)നാണ്‌ ഫാസ്‌റ്റ് ട്രാക്ക്‌ സ്‌പെഷല്‍ കോടതി ജഡ്‌ജി എ. സമീര്‍ ശിക്ഷ വിധിച്ചത്‌. പിഴ അടച്ചില്ലെങ്കില്‍ മൂന്നു വര്‍ഷവും രണ്ടു മാസവും അധികതടവ്‌ അനുഭവിക്കണം. പിഴ ത്തുക അതിജീവിതയ്‌ക്ക് നല്‍കാനും കോടതി വിധിച്ചു.
2021 മാര്‍ച്ച്‌ 26 നും 2022 മേയ്‌ 30 നുമിടയിലുള്ള കാലയളവിലാണ്‌ പ്രതിയുടെ വീട്ടില്‍ വച്ച്‌ പീഡനം നടന്നത്‌. തമിഴ്‌നാട്‌ സ്വദേശികളായ മാതാപിതാക്കള്‍ ചെറുപ്പത്തിലേ ഉപേക്ഷിച്ചുപോയ പന്ത്രണ്ട്‌ വയസുകാരി ഉപ്പെടെ രണ്ടു പെണ്‍കുട്ടികളും ആണ്‍കുട്ടിയും പിതാവിന്റെ അമ്മയുടെ സംരക്ഷണയിലാണ്‌ കഴിഞ്ഞിരുന്നത്‌. ജില്ലയുടെ പടിഞ്ഞാറന്‍ പ്രദേശത്ത്‌ കടത്തിണ്ണയില്‍ ഇവര്‍ കഴിയുന്നതു കണ്ട ജനപ്രതിനിധി ശിശുക്ഷേമസമിതിയെ വിവരം അറിയിച്ചു. സമിതി കുട്ടികളെ സുരക്ഷിത സ്‌ഥാനങ്ങളില്‍ എത്തിക്കാന്‍ നടപടി സ്വീകരിച്ചു. ആണ്‍കുട്ടിയെ തിരുവല്ലയിലെ കുടുംബവും ഒരു പെണ്‍കുട്ടിയെ അടൂരുള്ള കുടുംബവും ദത്തെടുത്തു.
പന്ത്രണ്ടുകാരിയെ പ്രതിയുടെ പന്തളത്തെ വീട്ടിലും ദത്തുനല്‍കി. കുട്ടികളെ സുരക്ഷിതയിടങ്ങളില്‍ എത്തിച്ചുവെന്ന്‌ കരുതിയ വല്യമ്മ തീ കൊളുത്തി ജീവനൊടുക്കുകയും ചെയ്‌തു. മക്കള്‍ ഇല്ലാതിരുന്ന സാമുവലും ഭാര്യയും പന്ത്രണ്ടുകാരിയെ വീട്ടിലെത്തിച്ച്‌ ഒപ്പം താമസിപ്പിച്ചു. സംരക്ഷിക്കാമെന്ന്‌ സമ്മതിച്ച്‌ വാക്കു നല്‍കി ഏറ്റെടുത്ത ശേഷം കുട്ടിയെ ക്രൂരമായ ലൈംഗിക പീഡനത്തിനാണ്‌ പിന്നീട്‌ പ്രതി വിധേയയാക്കിയത്‌. ഒരു വര്‍ഷത്തോളം ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചു. മലയാളം ശരിക്കറിയാത്ത കുട്ടിക്ക്‌ തനിക്ക്‌ ഏല്‍ക്കേണ്ടിവന്ന ക്രൂരമായ പീഡനത്തെപ്പറ്റി പുറത്തുപറയാന്‍ കഴിഞ്ഞില്ല. ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്ന പ്രതിയുടെ ഭീഷണിയും കുട്ടിയെ ഭയപ്പെടുത്തിയിരുന്നു. അതിനിടെ പ്രതിയുടെ ഭാര്യ സ്‌കൂട്ടറില്‍ നിന്ന്‌ വീണു പരുക്കേറ്റു. ആ സമയം കുട്ടിയെ നോക്കാന്‍ കഴിയില്ലെന്നുപറഞ്ഞു ഇയാള്‍ ശിശുക്ഷേമസമിതിയെ സമീപിച്ചു. കുട്ടിയെ തിരികെ ഏല്‍പ്പിക്കുകയും ചെയ്‌തു. ഇതറിഞ്ഞപ്പോള്‍, ആണ്‍കുഞ്ഞിനെ ദത്തെടുത്ത വീട്ടുകാര്‍ സമിതിയെ സമീപിച്ച്‌ പന്ത്രണ്ടുകാരിയെക്കൂടി ദത്ത്‌ കിട്ടാന്‍ അപേക്ഷ നല്‍കി. അനുകൂലമായ ഉത്തരവുണ്ടാവുകയും അവര്‍ പെണ്‍കുട്ടിയെ കൂടെ താമസിപ്പിക്കുകയും ചെയ്‌തു. ആ വീട്ടിലെ അമ്മയോട്‌ കുട്ടി വിവരങ്ങള്‍ പറയുകയായിരുന്നു. അങ്ങനെ വീട്ടുകാര്‍ പന്തളം പോലീസില്‍ പരാതി നല്‍കി. പോലീസ്‌ കേസെടുത്ത്‌ അനേ്വഷണം ആരംഭിച്ചു. കഴിഞ്ഞ വര്‍ഷം ഓഗസ്‌റ്റ് 23 ന്‌ അന്നത്തെ പന്തളം പോലീസ്‌ ഇന്‍സ്‌പെക്‌ടര്‍ ആയിരുന്ന എസ്‌. ശ്രീകുമാറാണ്‌ കേസനേ്വഷിച്ച്‌ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്‌. പ്രോസിക്യൂഷ്യനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക്‌ പ്രോസിക്യൂട്ടര്‍ സ്‌മിത പി. ജോണ്‍ ഹാജരായി.