ഗാസയില്‍നിന്ന് പലായനംചെയ്ത് ആയിരങ്ങള്‍; മരണം 11,000 കടന്നു, മൂന്ന് ആശുപത്രികള്‍ക്കുനേരെ ആക്രമണം

ഗാസയില്‍നിന്ന് പലായനംചെയ്ത് ആയിരങ്ങള്‍; മരണം 11,000 കടന്നു, മൂന്ന് ആശുപത്രികള്‍ക്കുനേരെ ആക്രമണംഖാന്‍ യൂനിസ്: യുദ്ധമേഖലയില്‍ അകപ്പെട്ട സാധാരണക്കാര്‍ക്ക് സുരക്ഷിത ഇടനാഴിയൊരുക്കാന്‍ ഇസ്രയേല്‍ നാലുമണിക്കൂര്‍ മാനുഷിക ഇടവേള അനുവദിച്ചതോടെ ആയിരക്കണക്കിന് പലസ്തീന്‍കാര്‍ പലായനം തുടങ്ങി. ഗാസയിലെ ഏക ഹൈവേയിലൂടെ ജനങ്ങളുടെ ഒഴുക്കായിരുന്നു.

യുദ്ധത്തില്‍ പലസ്തീന്‍കാരുടെ മാത്രം മരണസംഖ്യ 11,000 കവിഞ്ഞതായി ഗാസയിലെ ആരോഗ്യവകുപ്പ് പറഞ്ഞു. നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലുള്ള മൂന്ന് ആശുപത്രികള്‍ക്കുനേരെ വെള്ളിയാഴ്ച ശക്തമായ വ്യോമാക്രമണമുണ്ടായി. ആറുപേര്‍ കൊല്ലപ്പെട്ടു. ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റു. ഇവിടെ അഭയംതേടിയിരുന്നവര്‍ സുരക്ഷിതമേഖലകള്‍ തേടി പലായനം തുടങ്ങി. റാന്റിസിയിലെ കുട്ടികളുടെ ആശുപത്രി, ഇന്‍ഡൊനീഷ്യന്‍ ആശുപത്രി എന്നിവിടങ്ങളിലും വ്യോമാക്രമണമുണ്ടായി.

ആശുപത്രികളില്‍ ഹമാസ് അംഗങ്ങള്‍ ഒളിച്ചിരിക്കുന്നതിനാലാണ് ആക്രമണമെന്നാണ് ഇസ്രയേല്‍സൈന്യത്തിന്റെ വിശദീകരണം.