1,38,655 രൂപയാണ് വായ്പയായി നല്‍കിയത്, അടച്ച് തീർത്തതാണ്’; കർഷകന്‍റെ ആത്മഹത്യയില്‍ വിശദീകരണവുമായി മന്ത്രി


ആലപ്പുഴ: തകഴിയില്‍ ഒരു കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവം നിര്‍ഭാഗ്യകരവും ഞെട്ടലുളവാക്കുന്നതുമാണെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. സംഭരിക്കുന്ന നെല്ലിന്‍റെ വിലയായി കര്‍ഷകര്‍ക്ക് ലഭിക്കേണ്ട തുക നല്‍കുന്നതില്‍ നെല്ലളന്നെടുത്തത് മുതല്‍ കേന്ദ്ര – സംസ്ഥാന വിഹിതങ്ങള്‍ ലഭ്യമാവുന്നതുവരെയുള്ള താമസം ഒഴിവാക്കാന്‍ സപ്ലൈകോ ഗ്യാരന്‍റിയില്‍ പി ആര്‍ എസ് വായ്പ ലഭ്യമാക്കുകയാണ് ചെയ്തു വരുന്നത്. പി ആര്‍ എസ് വായ്പ എടുക്കുന്നത് മൂലം കര്‍ഷകന് ബാധ്യത വരുന്നില്ല.തുകയും പലിശയും സപ്ലൈകോ അടച്ചുതീര്‍ക്കും. 2021-22 കാലയളവിൽ ഈ കര്‍ഷകനില്‍ നിന്ന് സംഭരിച്ച നെല്ലിന്റെ വില പി ആര്‍ എസ് വായ്പയായി ഫെഡറല്‍ ബാങ്ക് വഴി നല്‍കുകയും സമയബന്ധിതമായി അടച്ചുതീര്‍ക്കുകയും ചെയ്തു. 2022-23 സീസണിലെ ഒന്നാം വിളയായി ഇയാളില്‍ നിന്ന് 4896 കിലോഗ്രാം നെല്ല് സംഭരിക്കുകയും നെല്ലിന്റെ വിലയായി 1,38,655 രൂപ കേരളാ ബാങ്ക് വഴി പി ആര്‍ എസ് വായ്പയായി അനുവദിക്കുകയും ചെയ്തിട്ടുണ്ട്.

അതിന്‍റെ തിരിച്ചടവിന്റെ സമയപരിധി ആവുന്നതേയുള്ളൂ. ആയതിനാല്‍ പി ആര്‍ എസ് വായ്പയിലെ കുടിശ്ശിക അല്ല കര്‍ഷകന്റെ സിബില്‍ സ്കോറിനെ ബാധിച്ചതെന്ന് മനസിലാക്കാം. 2023-24 ലെ ഒന്നാം വിളയുടെ സംഭരണ വില വിതരണം നവംബര്‍ 13 മുതല്‍ ആരംഭിക്കാനിരിക്കുകയാണ്. കര്‍ഷകര്‍ക്ക് എത്രയും വേഗം സംഭരണവില നല്‍കാനുള്ള എല്ലാ പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ നടത്തിവരുന്നുണ്ടെന്നും ഭക്ഷ്യ മന്ത്രി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

ഭാവിയിലും നെല്ല് സംഭരണം ഏറ്റവും കാര്യക്ഷമമായി നടത്താനും സംഭരണ വില താമസമില്ലാതെ നല്‍കാനും ആവശ്യമായ തീരുമാനങ്ങള്‍ കേരള സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ട്. മുന്‍കാല വായ്പകള്‍ ഒറ്റത്തവണയായി തീര്‍പ്പാക്കുന്ന ഇടപാടുകാരുടെ സിബില്‍ സ്കോറിനെ ഇത് ബാധിക്കുകയും ഇത്തരക്കാര്‍ക്ക് പിന്നീട് വായ്പകള്‍ നല്‍കാന്‍ ബാങ്കുകള്‍ വിമുഖത കാണിക്കുകയും ചെയ്യുന്ന സ്ഥിതി നിലനില്‍ക്കുന്നുണ്ട്. ഇപ്പോള്‍ മരണപ്പെട്ട കര്‍ഷകന്‍റെ വിഷയത്തിലും മുന്‍പ് എടുത്തിട്ടുള്ള വ്യക്തിഗത വായ്പ ഒറ്റത്തവണ തീര്‍പ്പാക്കിയതിന്‍റെ പേരില്‍ ബാങ്കുകള്‍ വായ്പ നിഷേധിച്ചതാണ് ആത്മഹത്യയിലേയ്ക്ക് എത്തിച്ചെന്ന വെളിപ്പെടുത്തല്‍ സംബന്ധിച്ച വിശദാംശങ്ങള്‍ കൂടുതല്‍ അന്വേഷണത്തിലൂടെ പുറത്തുവരേണ്ടതുണ്ടെന്നും മന്ത്രി വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.