തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിച്ചു. യൂണിറ്റിന് 20 പൈസ വരെയാണ് വര്‍ധിപ്പിച്ചത്. പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് നിരക്ക് വര്‍ധനയില്ല. ഇവര്‍ നിലവിലെ നിരക്ക് മാത്രം നല്‍കിയാല്‍ മതി. 50 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ നിലവിലേതില്‍ നിന്ന് അധികമായി യൂണിറ്റിന് അഞ്ച് പൈസ നല്‍കണം. നിലവില്‍ യൂണിറ്റിന് 35 പൈസയാണ് നല്‍കുന്നത്. അത് 40 പൈസയായി ഉയരും.
51 മുതല്‍ മുകളിലേക്ക് 100 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് 10 പൈസയാണ് യൂണിറ്റിന് കൂടിയത്. 101യൂണിറ്റ് മുതല്‍ 150 യൂണിറ്റ് വരെയുള്ള ഉപഭോക്താക്കള്‍ യൂണിറ്റിന് 15 പൈസയാണ് അധികമായി നല്‍കേണ്ടത്. 151 മുതല്‍ 200 യൂണിറ്റ് വരെ പ്രതിമാസം വൈദ്യുതി ഉപയോഗിക്കുന്നവര്‍ യൂണിറ്റിന് 20 പൈസ അധികമായി നല്‍കണം. 100 യൂണിറ്റ് ഉപയോഗിക്കുന്നവർക്ക് മാസം 20 രൂപ വരെ കൂടും.
ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരെയും ലോടെന്‍ഷന്‍- ഹൈടെന്‍ഷന്‍ ഉപയോക്താക്കളെയും താരിഫ് വര്‍ധനയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം സ്‌കൂളുകള്‍, കോളേജുകള്‍, ആശുപത്രികള്‍ എന്നിവയ്ക്ക് 2.5 ശതമാനം താരിഫ് വര്‍ധന ഉണ്ടായിട്ടുണ്ട്.
യൂണിറ്റിന് 41 പൈസവരെ വർധനവാണ് കെഎസ്ഇബി ആവശ്യപ്പെട്ടതെങ്കിലും ഇത് റെഗുലേറ്ററി കമ്മീഷന്‍ അംഗീകരിച്ചില്ല. വൈദ്യുതി നിരക്ക് വർധിപ്പിക്കുന്നതിന് റഗുലേറ്ററി കമ്മീഷൻ ചൊവ്വാഴ്ച അടിയന്തര യോഗം ചേർന്നെങ്കിലും ഉത്തരവിറക്കാതെ പിരിയുകയായിരുന്നു. നിലവിലുള്ള നിരക്കിന്റെ കാലാവധി ഒക്ടോബർ 31ന് അവസാനിച്ച സാഹചര്യത്തിലാണ് പുതിയ നിരക്കു തീരുമാനിക്കാൻ യോഗം ചേർന്നത്. നിരക്കുവർധന ഇന്നലെ നിലവിൽ വരുന്ന രീതിയിൽ ഉത്തരവിറക്കാനായിരുന്നു തീരുമാനം. യോഗത്തിനിടെ കമ്മിഷൻ അംഗത്തിന് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനാൽ തീരുമാനം മാറ്റിയതായി കമ്മിഷൻ അധികൃതർ അറിയിക്കുകയായിരുന്നു. തുടർന്ന് പുതിയ നിരക്ക് ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വന്നുവെന്ന് ഉത്തരവ് ഇറക്കുകയായിരുന്നു.