ഇന്ത്യയുടെ ലോകകപ്പ് തോല്‍വി, 23കാരന്‍ അത്മഹത്യ ചെയ്തു

ഇന്ത്യയുടെ ലോകകപ്പ് തോല്‍വി, 23കാരന്‍ അത്മഹത്യ ചെയ്തു


ഏകദിന ലോകകപ്പ് ഫൈനലിലെ ഓസ്ട്രേലിയയ്ക്കെതിരായ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ദയനീയ പരാജയം താങ്ങാനാവാതെ പശ്ചിമ ബംഗാളില്‍ യുവാര് ആത്മഹത്യ ചെയ്തു. 23 കാരനായ രാഹുല്‍ ലൂണര്‍ ആണ് ജീവിതം അവസാനിപ്പിച്ചത്. ഞായറാഴ്ച ലോകകപ്പ് ഫലം വന്നതിന് തൊട്ടുപിന്നാലെയാണ് സംഭവം.

മരിച്ച രാഹുല്‍ ലൂണര്‍ പ്രദേശത്തെ ഒരു തുണിക്കടയില്‍ ജോലി ചെയ്യുകയായിരുന്നു. ഞായറാഴ്ച ഫൈനല്‍ മത്സരം കാണാന്‍ രാഹുല്‍ അവധിയെടുത്തിരുന്നു. ഇന്ത്യയുടെ തോല്‍വിക്ക് ശേഷം അദ്ദേഹത്തിന് വികാരങ്ങളെ മറികടക്കാന്‍ കഴിഞ്ഞില്ല.

ഇതോടെ തന്റെ മുറിയില്‍ യുവാവ് ജീവിതം അവസാനിപ്പിക്കുകയായിരുന്നെന്ന് അദ്ദേഹത്തിന്റെ ഭാര്യാ സഹോദരന്‍ ഉത്തം സുറിനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. രാഹുലിന്റെ ജീവിതത്തില്‍ മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും സുര്‍ കൂട്ടിച്ചേര്‍ത്തു.

സംഭവം നടക്കുമ്പോള്‍ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ലെന്നു പൊലീസ് പറഞ്ഞു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. അഹമ്മദാബാദിലെ 1,32,000 പേര്‍ക്ക് ഇരിക്കാവുന്ന നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ഓസ്ട്രേലിയ ആറ് വിക്കറ്റിന് ഇന്ത്യയെ തകര്‍ത്ത് ഇന്ത്യക്കാരുടെ സ്വപ്‌നങ്ങള്‍ തകര്‍ത്തിരുന്നു.