
കൊച്ചി : ആലുവയില്‍ 5 വയസുകാരിയുടെ കൊലപാതകക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ പൊലീസ് മേധാവിയുടെ ഗുഡ് വില്‍ സര്‍ട്ടിഫിക്കറ്റ്. ആലുവ ഡിവൈഎസ്പിയും രണ്ട് ഇന്‍സ്പെക്ടര്‍മാരും ഉള്‍പ്പെടെ 48 പേര്‍ക്കാണ് അംഗീകാരം. കൃത്യം നടന്ന് മുപ്പത്തിമൂന്നാം ദിവസം കുറ്റപത്രം സമര്‍പ്പിക്കുകയും നൂറ് ദിവസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കി പ്രതിക്ക് തൂക്കുകയര്‍ വിധിക്കുകയും ചെയ്ത കേസില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പ്രശംസ പിടിച്ചുപറ്റിയിരുന്നു.
ഇതര സംസ്ഥാന തൊഴിലാളി കുടുംബത്തിലെ അഞ്ച് വയസുകാരി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മദ്യം നൽകി മയക്കി ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി, മൃതദേഹം ആലുവ മാർക്കറ്റിൽ ഉപേക്ഷിക്കുകയായിരുന്നു. മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച കേസിലെ കുറ്റവാളി അസ്ഫാക് ആലത്തിന് കോടതി വധശിക്ഷയാണ് വിധിച്ചത്. കുട്ടിയെ കൊലപ്പെടുത്തിയ കുറ്റത്തിനാണ് ഇയാൾക്ക് വധശിക്ഷ വിധിച്ചത്. പോക്സോ വകുപ്പ് പ്രകാരമുള്ള കുറ്റങ്ങൾക്ക് പ്രതിക്ക് ജീവിതാവസാനം വരെ തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. ആകെ 13 കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. 13 വകുപ്പുകളും പ്രതിക്കെതിരെ തെളിഞ്ഞിരുന്നു. ഹൈക്കോടതിയുടെ അന്തിമ അനുമതിക്ക് ശേഷമായിരിക്കും കേസിൽ വധശിക്ഷ നടപ്പാക്കുക.