ബീഹാറിൽ ജോലിക്ക് സംവരണം ഇനി 75 ശതമാനം: ജാതി വഴി 65; ബിൽ നിയമസഭ പാസാക്കി

ബീഹാറിൽ ജോലിക്ക് സംവരണം ഇനി 75 ശതമാനം: ജാതി വഴി 65; ബിൽ നിയമസഭ പാസാക്കി


ഗവൺമെന്റ് ജോലികളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും സംവരണം 60ൽ നിന്നും 75 ശതമാനമാക്കി ഉയർത്തി ബീഹാർ സർക്കാർ (Bihar Government). സാമ്പത്തികമായി ദുർബലമായ വിഭാഗങ്ങൾക്ക് ഉള്ള സംവരണം 10 ശതമാനമാണ്. പുതിയ സംവരണ ബിൽ വ്യാഴാഴ്ചയാണ് ബീഹാർ നിയമസഭ പാസ്സാക്കിയത്.

പുതിയ ബിൽ പ്രകാരം ഒബിസിക്ക്‌ 18 ശതമാനവും, ഇബിസിക്ക്‌ 25 ശതമാനവും പട്ടികജാതി പട്ടിക വർഗ്ഗക്കാർക്ക്‌ യഥാക്രമം 20ഉം 2ഉം ശതമാനം വീതവുമാണ് സംവരണം.

ബീഹാർ മന്ത്രിസഭയുടെ പ്രത്യേക യോഗത്തിൽ സംവരണം കൂട്ടി നൽകാനുള്ള ശുപാർശ സമർപ്പിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് പുതിയ തീരുമാനം. സംസ്ഥാനത്ത് ഓരോ വിഭാഗത്തിനും ഉള്ള ജനസംഖ്യ അനുസരിച്ച് പിന്നാക്ക വിഭാഗങ്ങൾക്ക് അവർക്ക് ആവശ്യമായ രീതിയിൽ സംവരണം കൂട്ടി നൽകും എന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞിരുന്നു.

ഈ വർഷം ഒക്ടോബർ രണ്ടിന് സംസ്ഥാന സർക്കാർ പുറത്തിറക്കിയ കണക്കുകൾ പ്രകാരം സംസ്ഥാന ജനസംഖ്യയുടെ 64 ശതമാനവും ഒബിസി, ഇബിസി വിഭാഗങ്ങൾ ആണ്.

ചൊവ്വാഴ്ച പുറത്ത് വന്ന സംസ്ഥാനത്തെ ജാതി സെൻസസിൽ നിന്നുമുള്ള സാമൂഹിക – സാമ്പത്തിക വിവരങ്ങൾ അനുസരിച്ച് സംസ്ഥാനത്തെ 34 ശതമാനം ജനങ്ങളും ദരിദ്രരാണ്. മാസ വരുമാനം 6000 രൂപയിൽ താഴെ ഉള്ളവരെയാണ് ഈ കൂട്ടത്തിൽ ഉൾപ്പെടുത്തുന്നത്.

എല്ലാ പാർട്ടികളും ഒരുപോലെ ഈ കണക്കെടുപ്പ് വഴി ലഭിച്ച വിവരങ്ങൾ പഠിക്കണമെന്നും, അവരുടെ നിലപാടിന്റെ കൂടി അടിസ്ഥാനത്തിൽ മാത്രമേ ഈ ബിൽ പാസ്സാകൂ എന്നും സർവ്വേ റിപ്പോർട്ട് പുറത്ത് വന്ന ശേഷമുള്ള സംവാദത്തിൽ മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞിരുന്നു.

“വളരെ മികച്ച രീതിയിലുള്ള വിവര ശേഖരണമാണ് ബീഹാർ ഈ വിഷയത്തിൽ നടത്തിയിട്ടുള്ളത്. 75 ശതമാനം സംവരണത്തിന് ശേഷം 25 ശതമാനം സീറ്റുകൾ സംവരണം ഇല്ലാത്തതായി അവശേഷിക്കുന്നുണ്ട്. ജനസംഖ്യക്ക് ആനുപാതികമായി തന്നെ ഒബിസി, ഇബിസി വിഭാഗങ്ങളുടെ എണ്ണം തൊഴിൽ മേഖലയിലും വിദ്യാഭ്യാസ മേഖലയിലും നിലനിർത്താൻ ഇത് സഹായിക്കും. ഈ സർവേ കണക്കുകൾ തെറ്റാണെന്നും ചില ജാതികളുടെ എണ്ണത്തിൽ ഉണ്ടായ വർദ്ധനയും മറ്റ് ചിലതിൽ ഉണ്ടായ കുറവും കളവ് ആണെന്നും പറയുന്നവരോട് ഒന്നേ പറയാനുള്ളൂ, 1931 ന് ശേഷം നടക്കുന്ന ആദ്യത്തെ കണക്കെടുപ്പാണ് ഇത്. അപ്പോൾ പിന്നെ അവരുടെ വിഭാഗത്തിന്റെ കൃത്യമായ എണ്ണം അവർ എങ്ങനെ അറിയാനാണ്? ” എന്നും അദ്ദേഹം ചോദിച്ചു.

പ്രതിപക്ഷത്തുള്ള ബിജെപിയും ഈ തീരുമാനത്തെ അംഗീകരിക്കുകയായിരുന്നു.

“സംവരണം ഉയർത്താനുള്ള എല്ലാ പിന്തുണയും ബിജെപി നൽകിയിട്ടുണ്ട്. പട്ടികജാതിക്കാർക്ക് ഉള്ള സംവരണം 16ൽ നിന്നും 20 ശതമാനമാക്കി ഉയർത്തണം. പട്ടികവർഗ്ഗക്കാരുടേത് ഒരു ശതമാനം കൂടി കൂട്ടി 2 ശതമാനം സംവരണം അവർക്ക് അനുവദിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. സംവരണത്തിന്റെ കാര്യത്തിൽ ഏത് പാർട്ടിയ്ക്കും ബിജെപി പിന്തുണ നൽകാറുണ്ട്. ” ബിജെപി സംസ്ഥാന പ്രസിഡന്റ് സാമ്രാട്ട് ചൗധരി പറഞ്ഞു.