കളമശേരി സ്‌ഫോടനം: അന്വേഷണത്തിന് റോയും; ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോര്‍ട്ട് കൈമാറും

കളമശേരി സ്‌ഫോടനം: അന്വേഷണത്തിന് റോയും; ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോര്‍ട്ട് കൈമാറും



കൊച്ചി: കളമശേരിയില്‍ യഹോവയുടെ സാക്ഷികളുടെ കണ്‍വന്‍ഷന്‍ സെന്ററില്‍ സ്‌ഫോടനം നടത്തിയ കേസില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ വിദേശത്ത് അന്വേഷണം ഊര്‍ജിതമാക്കി. രാജ്യാന്തര രഹസ്യാന്വേഷണ ഏജന്‍സികള്‍ പങ്കുവച്ച ചില സൂചനകളുടെ വെളിച്ചത്തിലാണു അന്വേഷണമെന്നാണു സൂചന. പ്രതി ഡൊമനിക് മാര്‍ട്ടിന്റെ വിദേശ ബന്ധങ്ങള്‍ സംബന്ധിച്ചു വ്യക്തത വരുത്താനാണു അന്വേഷണം വ്യാപിപ്പിച്ചത്. കേരള പോലീസ് ദുബായിലെ ബന്ധങ്ങള്‍ ഉപയോഗപ്പെടുത്തി അന്വേഷണം നടത്തിയിരുന്നെങ്കിലും സൂചനകളൊന്നും ലഭിച്ചിരുന്നില്ല.

ചില വസ്തുകള്‍ അന്വേഷിച്ചു വിലയിരുത്തല്‍ നടത്തണമെന്ന നിര്‍ദ്ദേശമാണു രാജ്യാന്തര രഹസ്യാന്വേഷണ ഏജന്‍സികള്‍ െകെമാറിയത്. ഇതനുസരിച്ചു ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയമെന്ന നിലയില്‍ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ് (റോ) വിശദമായ അന്വേഷണം തുടങ്ങി. വിദേശത്തുവച്ചു ആരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ, ജോലി ചെയ്തിരുന്ന സ്ഥലങ്ങള്‍, അവിടത്തെ പ്രവര്‍ത്തനങ്ങള്‍, സൗഹൃദം, യാത്രകള്‍ ഇവയുടെ ശേഖരണമാണു റോയുടെ പ്രാഥമികദൗത്യം. യു.എ.ഇ. പോലീസുമായി സഹകരിച്ചാണു പരിശോധിക്കുന്നത്.

അവിടെ ഉപയോഗിച്ചിരുന്ന മൊെബെല്‍ ഫോണിന്റെ വിശദാംശങ്ങള്‍ ശേഖരിക്കും. രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമാതിനാല്‍, എല്ലാ വശവും പരിശോധിച്ചു ആഭ്യന്തര മന്ത്രാലയത്തിനു റിപ്പോര്‍ട്ട് െകെമാറും. യഹോവയുടെ സാക്ഷികളുടെ സമ്മേളനത്തില്‍ ബോംബുകള്‍ വച്ചതു കൂട്ടക്കുരുതി ലക്ഷ്യമിട്ടാണോ എന്നതില്‍ അന്വേഷണ ഏജന്‍സികള്‍ തമ്മില്‍ ഭിന്നാഭിപ്രായമാണ്. കൃത്യമായി ആസൂത്രണം ചെയ്തു നടപ്പാക്കിയതിനു പിന്നില്‍ ബാഹ്യസഹായം ലഭിച്ചിരിക്കാമെന്നു റോ കരുതുന്നു. എന്നാല്‍, വ്യക്തമായ തെളിവുകള്‍ പോലീസിനോ എന്‍.ഐ.എക്കോ ലഭിച്ചിട്ടില്ല.

മറ്റാര്‍ക്കും പങ്കില്ലെന്നാണു പോലീസ് അന്വേഷത്തില്‍ തെളിയുന്നത്. പോലീസ് കേസില്‍ യു.എ.പി.എ. ചുമത്തിയിട്ടുണ്ടെങ്കിലും തീവ്രവാദ ബന്ധം കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ എന്‍.ഐ.എ. അന്വേഷിക്കാനുള്ള സാധ്യത മങ്ങി. എങ്കിലും റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങിന്റെ റിപ്പോര്‍ട്ടുകൂടി ലഭിച്ചശേഷമേ എന്‍.ഐ.എ. കൂടുതല്‍ അന്വേഷണം നടത്തൂ. പ്രതി ദുബായില്‍ ജോലി ചെയ്തിരുന്ന കമ്പനിയിലും താമസസ്ഥലത്തും പോലീസും എന്‍.ഐ.എയും അന്വേഷണം നടത്തിയിരുന്നു. അസ്വഭാവികമായി യാതൊന്നും കണ്ടെത്താനായില്ല.

മാര്‍ട്ടിന്റെ മൊെബെല്‍ ഫോണ്‍ പരിശോധനയുടെ മുഴുവന്‍ വിവരങ്ങളും ലഭിച്ചിട്ടില്ല. ടെലഗ്രാം ആപ് വഴിയുള്ള ആശയവിനിമയത്തിന്റെ വിശദാംശങ്ങള്‍ കമ്പനിയോടു ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്റര്‍നെറ്റ് കോളുകളുടെ വിശദാംശങ്ങളും എന്‍.ഐ.എ. പരിശോധിക്കുന്നുണ്ട്.